പുൽനാമ്പുകൾ തളിരിട്ട നനഞ്ഞ മൺപാതയിലൂടെ നടക്കുകയായിരുന്നു ഞാനപ്പോൾ... ഭൂമിയുടെ തുടിപ്പറിഞ്ഞ്... പച്ചിലകൾക്കിടയിലൂടെ കവിളത്ത് ഊർന്നു വീണ മഴത്തുള്ളിയുടെ കുളിരേറ്റ് വാങ്ങി...
"ഞാനിനി പോയ്ക്കോട്ടേ ചേച്ചി...?"
ചാരുവിന്റെ ശബ്ദമാണ് ദിവാസ്വപ്നത്തിൽ നിന്നുണർത്തിയത്. പണിയെല്ലാം കഴിഞ്ഞ് പോകാൻ തയ്യാറായി നിൽക്കുകയാണവൾ.
ജനലിനപ്പുറത്ത് മേഘങ്ങൾ ഒന്നുകൂടെ കനത്തിരുണ്ടു. മണി അഞ്ചു പോലുമായിട്ടില്ല; പക്ഷേ മഴക്കാറ് മൂടിക്കെട്ടി ഇപ്പഴേ രാത്രിയുടെ മട്ടായിരിക്കുന്നു... ഇരുണ്ടുകൂടുന്ന മഴക്കാറ് കാണുമ്പോൾ പണ്ടേയുളള ശീലമാണ്... മനസ്സിനുളളിൽ നിന്നും ഇതുപോലെയുളള സ്വപ്നങ്ങളും മോഹങ്ങളും ഈയാംപാറ്റയെപ്പോലെ ചിറകുമുളച്ച് പറക്കും.
"എല്ലാം ഞാൻ ഡൈനിംങ് ടേബളിൽ വച്ചിട്ടുണ്ട് ചേച്ചി. കഴിക്കുന്നതിന് മുന്നേ ഒന്ന് ചൂടാക്കിയാൽ മതി. പിന്നെ മരുന്നെല്ലാം ഞാൻ ബെഡിനടുത്ത് വെച്ചിട്ടുണ്ട്. കഴിക്കാൻ മറക്കല്ലേ ചേച്ചി."
സോഫയിൽ നിന്ന് എന്നെ വീൽചെയറിലേക്ക് മാറ്റിയിരുത്തി വാതിൽ ചാരി പോകും മുന്നേ ചാരു പറഞ്ഞു.
ചാരുവിന്റെ അമ്മക്ക് തീരെ സുഖമില്ല. അല്ലെങ്കിൽ അവൾ പതിവുപോലെ രഘു ഒാഫീസിൽ നിന്ന് വന്നതിനുശേഷം ഒരു എട്ടു മണിയൊക്കെ കഴിഞ്ഞേ ഇറങ്ങൂ.
പുറത്ത് മഴ മെല്ലേ പെയ്തു തുടങ്ങി. മാനത്തോളം വളർന്ന ചിതൽപ്പുറ്റുകളെപ്പോലെ തോന്നുന്നു മഴ നനഞ്ഞ് നിൽക്കുന്ന ഫ്ലാറ്റുകൾ. അതിനേക്കാളുമൊക്കെ ഏറെ ഉയരത്തിൽ വളർന്ന ഏകാന്തതയെന്ന വാത്മീകത്തിൽ പെട്ടുപോയൊരു ചിതലല്ലേ ഞാൻ? ഒരിക്കലും ചിറകുമുളക്കില്ലെന്നുറപ്പുളള ഒരുപാട് സ്വപ്നങ്ങൾ പെറ്റു കൂട്ടുന്ന ചിതൽ...
"ഇതുപോലുളള നെഗറ്റീവ് ചിന്തകളാണ് ഒഴിവാക്കേണ്ടത്. വീട്ടിൽ അടച്ചിരിക്കാതെ പുറത്തൊക്കെ പോകൂ... പഴയ പരിചയങ്ങളൊക്കെ പുതുക്കൂ... ആക്സിഡന്റ് നടന്നിട്ട് ഇത്ര കാലമായില്ലേ... എന്നാലും അതിന്റെ ഒരു emotional trauma ഇപ്പഴും ഉണ്ടാകാം.. But you have to get over it... കാലു മാത്രമേ തളർന്നിട്ടൊളളൂ... ജീവിതം തളരാതെ നോക്കേണ്ടത് നമ്മളാണ്."
ഉപദേശങ്ങളുടെ മേമ്പൊടിക്കൊപ്പമാണ് ഡോക്ടർ സുജ അന്ന് ഡിപ്രഷനുളള മരുന്ന് കുറിച്ച് തന്നത്. രഘുവിന്റെ അകന്ന ബന്ധുവാണെന്ന സ്വാതന്ത്ര്യം കൊണ്ടാവാം.
പക്ഷേ എത്ര ഉപദേശിച്ചാലും ഏതു മരുന്നു കഴിച്ചാലും മറക്കാനാകാത്ത ചിലതുണ്ട്. കാലല്ല.. കാലുറപ്പിച്ചു നിന്നിരുന്ന എന്റെ ജീവിതമാണ് ആ ആക്സിഡന്റിൽ നഷ്ട്ടമായത്. ഒരമ്മയാവാനുളള എന്റെ ആഗ്രഹവും അവകാശവുമാണ് രഘുവിന്റെ അശ്രദ്ധകൊണ്ട്....
"ഞാനും ഇതു തന്നയാ പറയാറുളളത് സുജാന്റി... മോട്ടറൈസ്ഡ് വീൽചെയറാണ്. ചാരുവിന്റെ സഹായം പോലുമില്ലാതെ അടുത്തുളള ഫ്ലാറ്റുകളിലോ, താഴെ പാർക്കിലോ ഒക്കെ പോയ് വരാം. പക്ഷേ പറഞ്ഞാൽ കേൾക്കേണ്ടേ...?"
ജോലിക്ക് തുടർന്നു പോകാൻ താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ അത് പ്രാക്ടിക്കൽ അല്ലെന്ന് അറത്ത് മുറിച്ച് പറഞ്ഞ് മുറിക്കുളളിൽ അടങ്ങിയിരിക്കാൻ പ്രേരിപ്പിച്ചതും രഘു തന്നെയല്ലേ... രഘുവല്ലേ എനിക്ക് ചുറ്റും ഏകാന്തതയുടെ ചിതൽപ്പുറ്റ് തീർത്തത്.
ബിപ്... ബിപ്...
രഘുവിന്റെ മെസേജ് വന്നതാണ്.
"Caught up with work in office. Will be bit late. don't wait for me. have your food on time... :)"
ഇതിപ്പോൾ പതിവെന്നപോലെ ആയിരിക്കുന്നു. എനിക്ക് പക്ഷേ എന്തോ മുഷിപ്പോ ദേഷ്യമോ തോന്നുന്നില്ല.
മഴയിപ്പഴും പതിഞ്ഞതാളത്തിൽ പെയ്തുകൊണ്ടിരിക്കയാണ്. ഇടക്കിടക്ക് ചെവിപൊട്ടുന്ന ഉച്ചത്തിൽ ഇടിവെട്ടും...
ജനൽ തുറന്നിടട്ടേ... തൂവാനത്തിന്റെ കുളര് മുഖത്തേറ്റുകൊണ്ട് ഈ രാത്രിമഴ ആവോളം കണ്ടാസ്വദിക്കണം.
വീൽചെയറുരുട്ടി ജനലിനടുത്തെത്തിയപ്പോൾ മിന്നിയ കൊളളിയാന്റെ വെളിച്ചത്തിലാണ് ഞാൻ ആ അത്ഭുത കാഴ്ച്ച കാണുന്നത്.
ഈയൽ ചിറകുകൾ വീശി, ഫ്ലാറ്റുകളിലെ കിളിവാതിലിലൂടെ ആകാശം തേടിപ്പറക്കുന്ന മനുഷ്യർ...!!! ഒന്നും രണ്ടുമൊന്നുമല്ല, ഈയാംപാറ്റകളേപ്പോലെ ഒരായിരം പേർ...!!!
അടുത്തൊരു മിന്നലാട്ടത്തിൽ എന്റെ ജനൽച്ചില്ലിലെ പ്രതിഫലനത്തിൽ ഞാൻ കണ്ടു...!!!
എന്റെ ചുമലിൽ നിന്ന് മുളച്ചു പൊങ്ങി നിൽക്കുന്ന, മഴവില്ലിൻ മിനുപ്പമുളള ചിറകുകൾ....!!!
No comments:
Post a Comment