Friday, June 28, 2019

ഉച്ചമയക്കം

ഞായറുച്ച വാറ്റിയ
വെയിൽ വീഞ്ഞ്

പാട്ടുടുപ്പിട്ടെത്തും
ഒാർമ്മക്കിടാത്തികൾ

തുമ്പിച്ചിറകേറി വരും
കിനാമേഘങ്ങൾ

തണൽ മരങ്ങൾക്കിടയിൽ,
വലിച്ച് കെട്ടിയ
മയക്കത്തൊട്ടിലിൽ ഞാൻ

കവിളിൽ കാറ്റിന്റെ
പൂച്ചയുരുമ്മൽ

കോട്ടുവായ് നിറഞ്ഞൊരു
ബലൂണു പോലെ,
ഉറക്കം
വീർത്ത് വീർത്ത്
വലിഞ്ഞ് മുറുകുമ്പോൾ...

പത്തക്കത്തിനപ്പുറം
നിന്റെ വിരൽ തുമ്പുകൾ
കൂർത്ത കോൾ മുന
ഡയൽ ചെ(എ)യ്യുന്നു


Friday, June 14, 2019

AD 3019

RI 156 Sigma8

അതാണെന്റെ പേര്....

ജെന്റർ: പുരുഷൻ
വയസ്സ്: 25
വർഗ്ഗം: Symbiont
സെക്ടർ: സിഗ്മ8
തൊഴിൽ: Prison Officer
രാഷ്ട്രം: The Great New World

ഒരു സാധാരണ സിമ്പിയോണിന് അവകാശപ്പെട്ട 313000 ക്വുബിക് ഫീറ്റ് ശുദ്ധ വായുവിന് പുറമേ മികച്ച സേവനത്തിലൂടെ 69000 ക്വുബിക് ഫീറ്റ് കൂടെ നേടിയെടുത്ത് ലൈഫ് ടെർമിനേഷൻ കാലാവധി ദീർഘിപ്പിച്ച  വർക്ക്ഹോളിക്.

ഈയിടെ കുറച്ചു നാളായി ജോലിയിൽ ഉത്സാഹക്കുറവ്.

സെക്ടർ കമാന്റററിന്റെ പ്രത്യേക ആവശ്യ പ്രകാരം എന്റെ സെറിബൽ ആക്ടിവിറ്റി മോണിറ്റർ ചെയ്യാൻ എത്തിയ AI074 Echo എന്ന റോബോട്ടിക് ഡോക്ടർ എന്റെ ഡിജിറ്റൽ ലൈഫ് ജേർണൽ നോക്കുകയായിരുന്നു. Hatch Centre മുതൽ ഇന്ന് ഇതുവരെ കണിശമായി രേഖപ്പെടുത്തിയ ദൈന്യദിനകാര്യങ്ങൾ റോബോ ഡോക്ടർ ഒരു മിനിറ്റ് കൊണ്ട് വായിച്ചെടുത്തു.

എല്ലാം സാധാരണ പോലെയായിരുന്നു. എന്റെ എല്ലാ ദിനരാത്രങ്ങളും പുനരാവർത്തനങ്ങളായിരുന്നു.... അവളെ കാണും വരെ...

അവൾ - യാറ - ജനറൽ സ്റ്റേറ്റിൽ നിന്നും അതിക്രമിച്ച് കടന്ന് വന്ന തടവുകാരിയായായിരുന്നു ആദ്യം എന്റെ മുന്നിൽ എത്തിയത്. തിരഞ്ഞെടുക്കപ്പെട്ട മനുഷ്യരും, അവരെ സേവിക്കുന്ന റോബോട്ടുകളും പിന്നെ എന്നെ പോലെ പാതി യന്ത്രവും പാതി മനുഷ്യരുമായ സിമ്പിയോൺസും മാത്രം വസിക്കുന്ന, മലിനവിമുക്തവും ആധുനികവുമായ Great New World ലേക്ക് മലിനവും വാസ്യയോഗ്യവുമല്ലാത്ത ജനറൽ സ്റ്റേറ്റിൽ നിന്ന് ഇതുപോലുളള നുഴഞ്ഞു കയറ്റങ്ങൾ അത്ര സാധാരണമല്ലെങ്കിലും ഉണ്ടാകാറുണ്ടായിരുന്നു.  അത്തരത്തിലുളള തടവുകാരെ ഒാർഗൻ ഹാർവെസ്റ്റിങ് വിങിലേക്കാണ് സാധാരണ അയക്കാറ്.

പക്ഷേ എന്തോ, യാറയെ ഞാൻ അങ്ങോട്ടേക്കയച്ചില്ല. എന്തുകൊണ്ടങ്ങനെ ഞാൻ ചെയ്തു എന്നെനിക്കറിയില്ല. പിന്നീടങ്ങോട്ട് എന്റെ പല പതിവുകളും തെറ്റുകയായിരുന്നു.

"ESC തകരാറായതാണ്. ഒരു ചിപ്പ് ഇൻപ്ലാന്റേഷൻ സർജറി വേണ്ടിവരും." റോബോ ഡോക്ടറുടെ വാക്കുകളെന്നെ ഒാർമ്മയിൽ നിന്നുണർത്തി.

വികാരങ്ങളും വിചാരങ്ങളും കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഒരു സിമ്പിയോണ് അങ്ങനെ സംഭവിച്ചുക്കൂട. നട്ടെല്ലിൽ സർജറി ചെയ്ത് ഘടിപ്പിക്കുന്ന ESC (Emotion Sensor and Controller) ചിപ്പ് ദേഷ്യം, സന്തോഷം, ഭയം, ഉത്കണ്ഠ  തുടങ്ങിയ വികാരങ്ങൾ ഉടലെടുക്കുമ്പോഴേ മനസ്സിലാക്കി നിയന്ത്രണ വിധേയമാക്കുന്നു. അങ്ങനെ യന്ത്ര ഭാഗങ്ങൾ നിറഞ്ഞ ശരീരം പോലെ സിമ്പിയോണിന്റെ മനസ്സും യാന്ത്രികമാകുന്നു.

ദേഷ്യവും ഉത്കണ്ഠയും ഭയവും സന്തോഷവും എന്താണെന്നെനിക്ക് അറിയാമായിരുന്നു. ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന കെമിക്കൽ കോമ്പൗണ്ടും അവയോടുളള ശരീരത്തിന്റെ പ്രതിപ്രവർത്തനവും എന്നനിലയിൽ...

പക്ഷേ.....

അന്ന് യാറയെ കണ്ടപ്പോൾ ഇതൊന്നുമല്ലാത്തൊരു, എന്നാൽ ഇതെല്ലാം ഒത്ത്ചേർന്ന പേരറിയാത്ത വികാരമായിരുന്നു അനുഭവപ്പെട്ടത്. ഉളളിലൊരു കൊള്ളിയാൻ മിന്നിയപോലെ... ഒരു പക്ഷേ അതായിരിക്കും എന്റെ ESC യെ തകർത്ത് കളഞ്ഞത്. ഇതുവരെ ആരോടും തോന്നാത്ത ഒരു അടുപ്പം അവളോട്... എന്തായിരിക്കുമത്..

"പ്രണയം... മസ്തിഷ്കത്തിലെ ഫിനൈല്‍ ഈതൈല്‍ അമിന്‍ എന്ന രാസഘടകത്തിന്റെ ഇന്ദ്രജാലം..." സാമന്ത - എന്റെ ഇൻബിൽഡ് വെർച്വൽ അസിസ്റ്റന്റ് - ഞാനനുഭവിച്ചറിഞ്ഞ പുതിയ വികാരത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങി. അവളാണെനിക്ക് പ്രണയത്തെ കുറിച്ചും വിരഹത്തെ കുറിച്ചും അപരിചിതമായിരുന്ന മറ്റു പല വികാരങ്ങളെക്കുറിച്ചും മനസ്സിലാക്കി തന്നത്. അന്നാദ്യമായി സാമന്തയുടെ ശബ്ദമെത്ര ജീവനറ്റതാണെന്ന് ഞാൻ അറിഞ്ഞു. യാറയുടെ ശബ്ദമെത്ര പ്രസരിപ്പുളളതാണെന്ന് ഞാനോർത്തു.

"കൺസന്റ് പേപ്പർ റഡിയാണ്. സൈൻ ചെയ്താൽ ഉടനെ സർജറി തുടങ്ങാം." റോബോ ഡോക്ടറാണ്...

സർജറി കഴിഞ്ഞാൽ എല്ലാം പഴയപടിയാകും. കാര്യക്ഷമതയുളള പഴയ സിമ്പിയോണാവും ഞാൻ. പക്ഷേ പുതുതായി കിട്ടിയ ജീവൻ തുടിക്കുന്ന മനസ്സെനിക്ക് നഷ്ടപ്പെടും. പ്രണയമെന്ന മായാ മരീചിക എന്നേക്കുമായി മാഞ്ഞു പോകും. യാറ വെറും കടന്നുകയറ്റക്കാരി മാത്രമായി മാറുമെനിക്ക്...

സർജറി വേണ്ടന്ന് വച്ച് അധികാരികളുടെ കണ്ണ് വെട്ടിച്ച് അധികകാലം രാജ്യത്ത് തുടരാനും എനിക്കാകില്ല. യാറയേയും അധികകാലം ഇങ്ങനെ സംരക്ഷിക്കാനും ആകില്ല.. പിന്നെ എങ്ങോട്ട് പോകും?

ജനറൽ സ്റ്റേറ്റ്.....

വൃത്തിഹീനമായ, സുരക്ഷിതമല്ലാത്ത ആ നാടുകളിൽ ജീവിക്കുകയെന്നാൽ ആത്മഹത്യക്ക് തുല്യമാണ്. പക്ഷേ വേറെ വഴികളില്ലല്ലോ...

കഴിഞ്ഞ രാത്രിയിൽ യാറയോടു തന്നെ എന്റെ ആശങ്ക പങ്കുവെച്ചു.

"വനങ്ങൾ... അവിടെ നമ്മൾ സുരക്ഷിതരായിരിക്കും..."

അവളുടെ മറുപടി കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ജനറൽ സ്റ്റേറ്റിലെ മനുഷ്യർ ഇപ്പോഴും ഇങ്ങനെയുളള മുത്തശ്ശിക്കഥകളിൽ വിശ്വസിക്കുന്നണ്ടല്ലോ... മരങ്ങൾ തിങ്ങിനിറഞ്ഞ, പലതരം ജീവജാലങ്ങളുളള, നീർച്ചോലകളുളള സ്ഥലം യാഥാർത്ഥ്യമാണെന്ന് ഇവളെങ്ങനെ വിശ്വസിക്കുന്നു.

"നിന്നെ വിശ്വസിപ്പിക്കാൻ എന്റെ കയ്യിൽ തെളിവൊന്നുമില്ല. എന്നാലും എനിക്കുറപ്പുണ്ട്... ദൂരെ എവിടേയോ വനമുണ്ട്. ഒരു കാര്യം ചോദിച്ചോട്ടേ.... എന്തുകൊണ്ടാണ് സെക്ടർ ഒമേഗാ10 ന് അപ്പുറം ഏരിയാ 51 എന്ന പേരിൽ നിരോധിത മേഘലയാക്കി തിരിച്ചിരിക്കുന്നത്. ജനറൽ സ്റ്റേറ്റിലെ നിവാസികൾക്ക് മാത്രമല്ലല്ലോ, The Great New World ലെ ഉന്നതർക്ക് പോലും അങ്ങോട്ട് പ്രവേശനമില്ലല്ലോ...?? അതിനപ്പുറമുളള ലോകത്ത് എന്താണെന്ന് കണ്ടിട്ടുണ്ടോ?"

"സിമ്പിയോൺ RI 156 Sigma8... സൈൻ ചെയ്യുന്നില്ലേ..." വീണ്ടും റോബോ ഡോക്ടർ...

"ഇല്ല... സർജറി വേണ്ട..." ഞാൻ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.

"പക്ഷേ എനിക്ക് നിങ്ങളെ സർജറി നടത്താതെ പറഞ്ഞയക്കാൻ പറ്റില്ല... സെക്ടർ കമാന്ററിനോടെനിക്ക്..."

ഡോക്ടർ മുഴുവനാക്കും മുന്നേ ഞാൻ ചോദിച്ചു. "ഡോക്ടർ AI074 Echo... The Great New World ന്റെ ഭരണഘടനയനുസരിച്ച് ഒരു റോബോട്ടിന്റെ പരമ പ്രധാനമായ കർത്തവ്യമെന്താണ്?"

"മനുഷ്യരുടേയും സിമ്പിയോണുകളുടേയും - രാജ്യത്തിനും മറ്റു പൗരൻമാർക്കും ഉപദ്രവകരമല്ലാത്ത - ഏതൊരു ആജ്ഞ്യയും റോബോട്ട്  അനുസരിക്കോണ്ടതാകുന്നു." ഫീഡ് ചെയ്തു വച്ചിരുന്ന ആർട്ടിക്കൾ ഡോക്ടർ അതേപടി ചൊല്ലി.

"ശരി. എന്നാൽ ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്നു. എനിക്ക് നിങ്ങൾ സർജറി ചെയ്യേണ്ടതില്ല."

ഡോക്ടറുടെ അടുത്തു നിന്നും മടങ്ങുമ്പോൾ ഞാൻ തീരുമാനിച്ച് കഴിഞ്ഞിരുന്നു... യാറയേയും കൂട്ടി ഏരിയാ 51 ന് അപ്പുറത്തേക്ക് പോകണം. അതിനുളള പ്ലാനിങ് ആണ് ഇനി തുടങ്ങേണ്ടത്. അതിനപ്പുറത്ത് എന്തായിരിക്കും.. യാറ പറഞ്ഞപോലെ വനമുണ്ടായിരിക്കുമോ? ഇനി വനമില്ലെങ്കിലും എനിക്കും യാറക്കും പുതിയൊരു ജീവിതം തുടങ്ങുവാനാകുമോ? എല്ലാം ശരിയാവുമെന്നൊരു തോന്നൽ.... ഇനി നാളേകൾ പുലരുന്നത് എനിക്കായാണെന്നാരോ പറയും പോലെ... ഏതാണീ പുതിയ വികാരം?

"പ്രതീക്ഷയെന്നാണതിന്റെ പേര്...." ഉള്ളിൽ നിന്ന് മുഷിഞ്ഞ യാന്തിക ശബ്ദത്തിൽ സാമന്ത ഉത്തരം പറഞ്ഞു തുടങ്ങി...

Friday, January 25, 2019

സ്വപ്നങ്ങൾ

ഒാർമ്മകൾ മോഹത്തോടിണചേർന്നു പെറ്റ-
യൊരായിരം നിറമുളള സ്വപ്നങ്ങളേ
കണ്ണിൽ മയക്കത്തിൻ കേളികൊട്ടുയരുമ്പോൾ
നിങ്ങൾ കിനാവിന്റെ വേദി തീർക്കൂ

കാണാൻ കൊതിച്ചതും കാണരുതാത്തതും
കണ്ട് മറന്നൊരു കാഴ്ച്ചകളും
കണ്ണൊന്നടക്കുമ്പോൾ ഉളളിൽ തെളിയുന്ന
കാണാക്കിനാവിൻ നിഴൽ ചിത്രവും

രാവിൽ നിലാവുടയാടയെടുത്തൊരാ
രാ കിനാ താരക പെൺകൊടിയും
ഉച്ചമയക്കത്തിൽ പൊൻ വെയിൽ പാവാട
മെല്ലെ ഉലയ്ക്കുന്ന സുന്ദരിയും

ഏതേതു ഭാവങ്ങളായ് നീയണയുന്നു
ഒരോ ഉറക്കത്തിൻ തിരശീലയിൽ
ഒാരോ മയക്കത്തിലും നിങ്ങൾ തീർക്കുന്ന
മായിക ലോകങ്ങളെത്രമാത്രം