Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, June 28, 2019

ഉച്ചമയക്കം

ഞായറുച്ച വാറ്റിയ
വെയിൽ വീഞ്ഞ്

പാട്ടുടുപ്പിട്ടെത്തും
ഒാർമ്മക്കിടാത്തികൾ

തുമ്പിച്ചിറകേറി വരും
കിനാമേഘങ്ങൾ

തണൽ മരങ്ങൾക്കിടയിൽ,
വലിച്ച് കെട്ടിയ
മയക്കത്തൊട്ടിലിൽ ഞാൻ

കവിളിൽ കാറ്റിന്റെ
പൂച്ചയുരുമ്മൽ

കോട്ടുവായ് നിറഞ്ഞൊരു
ബലൂണു പോലെ,
ഉറക്കം
വീർത്ത് വീർത്ത്
വലിഞ്ഞ് മുറുകുമ്പോൾ...

പത്തക്കത്തിനപ്പുറം
നിന്റെ വിരൽ തുമ്പുകൾ
കൂർത്ത കോൾ മുന
ഡയൽ ചെ(എ)യ്യുന്നു


Friday, January 25, 2019

സ്വപ്നങ്ങൾ

ഒാർമ്മകൾ മോഹത്തോടിണചേർന്നു പെറ്റ-
യൊരായിരം നിറമുളള സ്വപ്നങ്ങളേ
കണ്ണിൽ മയക്കത്തിൻ കേളികൊട്ടുയരുമ്പോൾ
നിങ്ങൾ കിനാവിന്റെ വേദി തീർക്കൂ

കാണാൻ കൊതിച്ചതും കാണരുതാത്തതും
കണ്ട് മറന്നൊരു കാഴ്ച്ചകളും
കണ്ണൊന്നടക്കുമ്പോൾ ഉളളിൽ തെളിയുന്ന
കാണാക്കിനാവിൻ നിഴൽ ചിത്രവും

രാവിൽ നിലാവുടയാടയെടുത്തൊരാ
രാ കിനാ താരക പെൺകൊടിയും
ഉച്ചമയക്കത്തിൽ പൊൻ വെയിൽ പാവാട
മെല്ലെ ഉലയ്ക്കുന്ന സുന്ദരിയും

ഏതേതു ഭാവങ്ങളായ് നീയണയുന്നു
ഒരോ ഉറക്കത്തിൻ തിരശീലയിൽ
ഒാരോ മയക്കത്തിലും നിങ്ങൾ തീർക്കുന്ന
മായിക ലോകങ്ങളെത്രമാത്രം

Tuesday, November 21, 2017

മറവിക്കപ്പുറം

മറവിയുടെ
മഞ്ഞുമലയോടിടഞ്ഞൊരു
കപ്പൽഛേദത്തിൽ
കടലും കരയും നഷ്ടപ്പെട്ട
കപ്പിത്താൻമാർ
മനസ്സിന്റെ നങ്കൂരം പൊട്ടിയൊരു
പായ്ക്കപ്പലേറി
പുറം കടലിലയുന്നുണ്ട്
ദിശതെറ്റിയ ചിന്തകളാലൊരു
ദിശാസൂചി തീർത്തവർ
ഉടഞ്ഞു പോയൊരു
സ്മൃതിപഥത്തിൻ
ഭൂപടങ്ങളിൽ
കടലെടുത്ത കാലങ്ങളെ
തിരയുന്നു
മഞ്ഞു മൂടിയേതോ
ബോധത്തുരുത്തിൽ
മറന്നു വച്ചൊരു
നിധി തിരയുന്നു
ഞൊറി നിവർത്തിയ
പായ്മരങ്ങളിൽ
ഒാർമ്മക്കാറ്റിന്റെ
താളം മുറുകുമ്പോൾ....
തുറയെറിഞ്ഞായുക
ഇരുൾ വിഴുങ്ങുമീ
ചക്രവാളത്തിനപ്പുറം
ഗതകാല സ്മരണതൻ
തുറമുഖമാണുപോൽ
(എല്ലാ അൽഷിമേഴ്സ് രോഗികൾക്കും സമർപ്പണം)

Saturday, August 26, 2017

ഒാർമ്മയിലെ ഒാണം

മുക്കുറ്റി തുമ്പകൾ പൂത്തു നിൽക്കുന്നൊരു
മുറ്റമാണുളളിലെ ഒാണക്കാലം
പുത്തനുടുപ്പിട്ട് പുക്കളം തീർത്തൊരു 
പത്താംനാളന്നെന്റെ ഒാണക്കാലം
പപ്പടം പായസം നൂറ്കൂട്ടം കൂട്ടി 
പുത്തരിച്ചോറുണ്ട ഒാണക്കാലം
ആവണി പൂവട്ടി വീശി നിറയ്ക്കുന്ന
ദാവണി പെൺകിടാവോണച്ചന്തം
നാണം നിറഞ്ഞൊരാ കണ്ണിൽ തെളിഞ്ഞൊരു
ഒാണ നിലാവിന്റെ ഒാർമ്മക്കാലം
ഊഞ്ഞാലിലാകാശം തൊട്ട കിനാവുകൾ
മാഞ്ഞു മറഞ്ഞൊരു നഷ്ട കാലം
ഉത്രാടനാളിലെ നെട്ടോട്ടവും പിന്നെ 
ബോണസുമിന്നെന്റെ ഒാണക്കാലം

Friday, July 21, 2017

ശ്...ശ്...ശ്....


വിചാരണക്കൊടുവിൽ
വിമൂകതയിൽ
വിലങ്ങണിയിച്ച്
മുദ്രണം ചെയ്യപ്പെട്ടിട്ടും
വരിയുടയാത്ത,
വിലക്കെടുക്കാനാവാത്ത,
കുരുത്തംകെട്ട
ചില വാക്ക് ചീളുകൾ
വിരലതിരിട്ട
വിലക്കുകൾ പൊട്ടിച്ച്
ചിതറിത്തെറിച്ച് പായുന്നു...
              

ഈറൻ സന്ധ്യ

കോടക്കാറ്റൂതും
മഴച്ചൂളയിൽ
പകലുരുക്കി പണിതൊരു
ഈറൻ സന്ധ്യ...
അറിയാത്തൊരുളളറയിൽ
നിന്നുയരുന്നഴൽ പോലെ
ഇരുളിൻ പരാഗങ്ങൾ
പടരും നിഴൽപ്പൊട്ടുകൾ
കടലിരമ്പുന്ന താളത്തിൽ
മഴമുഴക്കുന്ന ചിവീടുകൾ
ഒരു കവിൾ ചായയിൽ
മുങ്ങി മരിക്കുന്നു
ചുരമാന്തിയെത്തിയ
പ്രാന്തൻ ചിന്തകൾ
മരം പെയ്യുന്ന ചില്ലമേൽ
നീളെ നനഞ്ഞ സങ്കടങ്ങൾ
കുടഞ്ഞെറിയുന്നു
ചേക്കേറാൻ മറന്നൊരു
ബലി കാക്ക
ആളൊഴിഞ്ഞ പാതയോരം
വിറങ്ങലിച്ചൊരു
വഴിവിളക്ക്
നിറം കെട്ട് വിളറുന്ന
ചെമ്മാനം
കാർമുകിലിൽ
പുതയുന്നൊരന്തി ചാന്ത്
കോടക്കാറ്റൂതും
മഴച്ചൂളയിൽ
പകലുരുക്കി പണിതൊരു
ഈറൻ സന്ധ്യ...
മരണം പോലെ
മരവിച്ചൊരു
നിസ്സംഗതയുടെ
മൊണ്ടാഷ്...

Wednesday, November 30, 2016

ചില ട്രെയിൻ യാത്രാ ചിന്തകൾ










കാലം കണക്കേ നീളുമീ പാതയിൽ
ചൂളം വിളിച്ചുകൊണ്ടോടുന്ന യാനം
പാളം തെറ്റിയ ചിന്തകളായ് ഞാനും
ജാലകമോരത്ത് കാറ്റ് കായുന്നു

ഒാടി മായുന്ന ജാലക കാഴ്ച്ചകൾ
പോയി മായും നേരമോർമിച്ചു പോയി ഞാൻ
പാളത്തിലേറി പായുന്ന പാച്ചലിൽ
കാണാൻ മറന്നെത്ര ചേലുളള കാഴ്ച്ചകൾ

Wednesday, October 26, 2016

രാമാനം

ഇനിയൊട്ടു നേരം
ഒരുമിച്ചിരിക്കാം
പുഴവറ്റിയൊഴുകുമീ
മണൽതിട്ട മേലേ...
ചില്ലയിലുറയുന്ന
കാറ്റ് കാതോർത്ത്,
കൊള്ളിമീൻ മിന്നും
രാമാനം കൺപാർത്ത്

ഇനിയൊട്ട് നേരം
കുളിർനിലാ കായാം
മിഴിയോട് മിഴിനട്ട് 
മൊഴിയാതിരിക്കാം
മണലിലുലയുന്ന
നിഴലുകൾക്കൊപ്പം
ചുവട് പിഴച്ചൊരു
നിഴലാട്ടമാടാം

ഇലനാമ്പിലൂറുന്ന
തൂമഞ്ഞിനൊപ്പം
ഉദയത്തിലലിയുന്ന
രാ തിങ്കൾ പോലെ
നിന്റെ മൗനം തീർക്കും
ജലരാശിയിൽ ഞാൻ
ലവണമായലിയും
പുലരിക്കുമുന്നേ....


Thursday, October 6, 2016

തോറ്റവന്റെ സുവിശേഷം

അജ്ഞാത സുഹൃത്തേ...
എന്തിനു വൃഥാ
ഇന്നലകളിലെന്റെ
തിരുശേഷിപ്പ് തേടുന്നു?
എന്നേക്കുമായി
വിസ്മൃതിയുടെ
കാണാത്തുരുത്തിലേക്കു
എന്നേ ഞാൻ
കടത്തപ്പെട്ടിരിക്കുന്നു
മൗനം താഴിട്ടടച്ച
കാലത്തിന്റെ സാക്ഷ്യപത്രം പോലും
പരാജിതനെന്ന പ്രതിസംഞ്ജയിൽ
പേരോതുക്കിയിട്ടുണ്ടാകും
ദുരമുറ്റിയ എതിരിയെന്ന്
ലോകം വിജയിയെ പ്രതിധ്വനിക്കുന്നുണ്ടാകും
മടങ്ങുക നീ....
മറവിയുടെ മടിയിലെന്നെ
മയങ്ങാൻ വിട്ട്
മറക്കരുതൊന്ന് മാത്രം...
പരാജിതരുടെ
സ്മാരകശിലകളാണ്
സത്യത്തിൽ
വിജയികളെന്ന് നിങ്ങൾ കരുതുന്നവർ

Thursday, September 22, 2016

ഉച്ചമഴ

താഴെ,
നിഴൽവറ്റിപ്പോയൊരു 
നട്ടുച്ചനേരം 

ഉമ്മറത്താകെ 
മഞ്ഞൾ മെഴുകും 
കന്നിമാസ വെയിൽ

പടിഞ്ഞാറ്റയിൽ
പാതിമയക്കത്തിലൊരു 
പകൽക്കിനാവ് 

പൊൻ വെയിൽ തന്ത്രിയിൽ
മൗനം മീട്ടുന്നു
വിരസ ഗാനം

മേലെ മെല്ലെ, 
വിങ്ങിക്കറുത്തിരമ്പുന്നു  
മാനം

മൻവാസന മുറ്റുന്ന
കാറ്റ് പുതക്കുന്ന 
ഈറൻ മേലാപ്പിനുള്ളിൽ 
വെയിലോടിണചേരും
മുകിലിൻ ഉടൽ പെരുക്കങ്ങൾ 

ഒട്ടുനേരം കഴിഞ്ഞ്
പച്ചിലച്ചാർത്തിലേക്ക്
ആർത്തുകരഞ്ഞു 
പെറ്റുവീഴുന്നു
ഉച്ചമഴക്കുഞ്ഞ്  

Tuesday, August 9, 2016

മഴയോർമ്മിപ്പിച്ചത്....

മേക്ക്* ചുവപ്പിച്ച്
പകലോൻ മറയുന്ന
പുതുമണം മുറ്റുന്ന
ചില സന്ധ്യയിൽ

മഴനൂലിൻ ഇഴകെട്ടി
മാനമിറക്കുന്നു
മഴവില്ലിൻ നിറമുളള
നനവോർമ്മകൾ

വെൺമേഘമേറി നാം
വിണ്ണോരം പാറിയ
പൊൻ തിളക്കമുളള
ബാല്യകാലം

മണ്ണപ്പം ചുട്ടിട്ടും
മണ്ണട്ട തിന്നിട്ടും
നന്നായ് മദിച്ചൊരാ
നല്ലകാലം

ഉള്ളിലൊരായിരം
മിന്നാമിനുങ്ങുകൾ
ഒന്നിച്ച് മിന്നിയ
പ്രണയകാലം

നെഞ്ചിൽ കൊളിയാനും
ആലിപ്പഴങ്ങളും
ഒന്നിച്ച് പെയ്തൊരാ
വർഷകാലം

മിഴി ചിമ്മും നേരത്തിൽ
മധുരമാ നാളുകൾ
മലവെള്ളപ്പാച്ചലിൽ
ഒലിച്ച് പോയി

ഒരുമിച്ച് നാം കണ്ട
കനവുകളൊക്കയും
പെരുമാരി പെയ്ത്തിൽ
അലിഞ്ഞ് പോയി

കളിവഞ്ചിയേറിയ
മോഹങ്ങളൊക്കയും
ഇരുവഴിക്കായി
പിരിഞ്ഞു പോയി

ഇനിയൊരു കാലത്തും
തിരികെ വരാത്തൊരു
മധുരാനുഭൂതി
യെന്നോർത്തിടുമ്പോൾ

നിന്നോർമ്മ പെയ്ത്തിൽ
ഞാനിന്നും നനയുന്നു
നിൻ മിഴിയോരത്തെ
കൺപീലി പോൽ


*മേക്ക് — പടിഞ്ഞാറ്

Saturday, February 20, 2016

ഒരു സൈക്കഡലിക് സ്വപ്നം തുടങ്ങുമ്പോൾ.....

അനന്തരം നമ്മൾ 
ഉടലഴിക്കുന്നു
ഉയിർ വെച്ചുമാറ്റുന്നു
ഞാൻ നീയും 
നീ ഞാനുമാകുന്നു

മഴവിൽ നിറമുളള
കടൽ ചുഴിയിൽ
ഒരുമിച്ച് മുങ്ങിമരിക്കുന്നു

മുറിയാതെ പെയ്യുന്ന
മഴയിലേക്ക് 
ആരോ ഊതിവിടും
പുകച്ചുരുളായി
ഞാൻ വീണ്ടും പിറക്കുന്നു

പളുങ്ക് ചഷകത്തിൽ
നുരഞ്ഞ് പൊന്തുന്ന
വീഞ്ഞിൻ ലഹരിയായി
നീയും പിറക്കുന്നു

വകതിരിവില്ലാതെ
പായുന്ന സമയത്തോട് 
കളി പറഞ്ഞ് നമ്മൾ
വെറുതേ സമയം കൊല്ലുന്നു
ഒരുമിച്ച് നാം മൂവരും
കുളിര് കായുന്നു
നിലാച്ചാറ് രുചിക്കുന്നു
രാമാനത്തരികൾ കൊറിക്കുന്നു
വാക്കില്ലാ കവിത മൂളുന്നു

നേരവും ദൂരവും
നേരല്ലെന്നറിയുന്നു
ഒരു നോളൻ* തിരക്കഥ 
ജീവിക്കുന്നു

ഒരുവേള നാം
ബുദ്ധന്റെ ധ്യാനമാകുന്നു
മറു നേരം 
'ബുദ്ധന്റെ ചിരി'യാകുന്നു

ഒടുവിൽ,
കടലോ കടന്നലോയെന്ന-
റിയാത്തയിരമ്പത്തിൽ
ഉറഞ്ഞുറഞ്ഞ് 
നനഞ്ഞലിഞ്ഞ് 
കനവിന് കനമേറിയത് 
കുടഞ്ഞെറിഞ്ഞ് 
ഒാർക്കാപ്പുറത്തൊരു
വീഴ്ചയിലേക്ക്  
ഞെട്ടിയുറങ്ങുന്നു നാം

*ക്രിസ്റ്റഫർ നോളൻ

Saturday, February 13, 2016

ഫ്രം യുവർ വാലന്റൈൻ

കത്തിയെരിഞ്ഞയെൻ
കിനാവിന്റെ ചാരത്തി-
ലിത്തിരി കണ്ണുനീർ 
വീഴ്ത്തട്ടേ ഞാൻ
കൺമഷിയായിതു
ചാലിച്ചു ചേർത്തു നിൻ
കൺകടക്കോണി-
ലെഴുതിടേണം

നെഞ്ചിൽ നിന്നോർമ്മകൾ-
ക്കൊപ്പം പൊടിയുന്ന
ചെഞ്ചോരയും നീ-
യെടുത്തുകൊള്ളൂ
വഞ്ചനയൂറുന്ന 
പുഞ്ചിരി പൂക്കും നിൻ 
ചുണ്ടിലെ ചായമായ് 
തീർന്നിടട്ടേ

പൊൻനിറമുളളയെൻ
സ്വപ്നമുരുക്കി നീ
പണ്ടങ്ങളായി 
അണിഞ്ഞിടേണം
പട്ടുനൂലൊത്തൊരെൻ
മോഹങ്ങൾ കൊണ്ടു നിൻ
പട്ടുടയാടയും
നെയ്തിടേണം

നന്നായൊരുങ്ങി-
യിറങ്ങുന്നതിൻ മുന്നേ
കണ്ണാടിയിൽ ഒന്നു
നോക്കിടേണം
പണ്ടേ പകുത്തു
തന്നാത്മാവിൽ നിന്നോരു
തുണ്ട് നീ നെറ്റിയിൽ
തൊട്ടിടേണം

വരികളാൽ ഞാൻ തീർത്ത
പനിനീരിൻ പുവിത് 
മടിയാതെ നീ കയ്യിൽ
കരുതിക്കൊളളൂ
പ്രണയദിനത്തിൽ നിൻ
പുതിയ പ്രണയിക്ക് 
ഹൃദയമാണെന്നോതി
നൽകിടാനായ്....

Monday, February 8, 2016

ജീവനില്ലാത്ത കവിത

ഉളളിനുളളിലൊരു പാടമുണ്ട്
വാക്ക് വരമ്പിടുന്നൊരു മനപ്പാടം
വിതക്കാൻ വിചാരങ്ങളില്ലാത്തതിനാൽ
വിളയാറില്ലതിൽ കവിതകളൊന്നും
ഒണക്ക് പിടിച്ച പാടത്തിന്ന്
മുളക്കുന്നതെല്ലാം കളയായിമാറി
വരണ്ട് വിണ്ട വാക്കുവരമ്പത്ത്
ഉറുമ്പ് മാളങ്ങളെ പോലുളള മൗനങ്ങൾ
മടകീറിയ മിഴിച്ചാലിലൂടെ
കണ്ണീർ തേവി നനച്ചിട്ടും
എരിയുന്ന നോവ് വെയിലേറ്റ്  കരിയുന്നു
പൊടിക്കും കിനാവിൻ തലപ്പുകൾ
നിലം പറ്റെയൊരു മറവിക്കിണറിൽ
ഇത്തിരി ഒാർമ്മനനവിനായി
എത്രയാഴത്തിൽ കുഴിച്ചു നോക്കീട്ടും
ഊറുന്നതെല്ലാം സങ്കടം മാത്രം
വരിയിൽ ഒതുക്കുവാനാകാതെ പോയ
പഴയ വികാരങ്ങളൊക്കയും
ചുടുമണൽക്കാറ്റായ് വീശുമ്പോൾ,
എന്റെ ചേതന തേടുന്നു
വെയിൽ വരഞ്ഞൊരു മുറിപ്പാടിൽ
മാലേയമെഴുകും കുളിർക്കാറ്റും
മുകിൽപ്പുറത്തേറി വരും ചോദനകളുടെ പെരുമഴക്കാലവും

Friday, October 23, 2015

കുഞ്ഞിലയും കാരമുളളും

ഇലയായിരുന്നില്ല
ഇളംതളിരായിരുന്നു
ഇളംവെയിൽ പോലുളള
ചിരിയായിരുന്നു
മുലപ്പാൽ മണക്കുന്ന
ചൊടിയായിരുന്നു
കിളികൊഞ്ചൽ തഞ്ചുന്ന
ചുണ്ടായിരുന്നു
ഇല തുമ്പിലൂറുന്ന
മഴത്തുളളി പോലെ
തരി ചേറു പുരളാത്ത
കരളായിരുന്നു
ചെടി തുമ്പിൽ മൊട്ടിടും
മൊട്ടുകൾ പോലെ
മുളക്കും കിനാവുകൾ
ഉണ്ടായിരുന്നു

ഒാർത്തിരുന്നില്ല
കൂർത്ത മുളളായിരുന്നു
നേർക്ക് നീ നീട്ടിയ
പൂങ്കൊമ്പിലെന്ന്
ആർത്തി തീർക്കാനെന്നെ
കോർത്തെടുക്കും നേരം
ഒാർത്തിരുന്നോ
പൊടിക്കും നിൻ തളിരുകളെ?

Wednesday, October 14, 2015

രണ്ട് സെൽഫി കവിതകൾ

            1
ഒപ്പിയെടുക്കില്ല
ഒലിച്ചിറങ്ങും നിൻ
ഒരിറ്റു കണ്ണീർ പോലും
എന്നാലും
ഒപ്പംനിന്നെടുക്കും
ഒത്തിരി ലൈക് നേടാൻ
ഒരൊറ്റ സ്നാപ്പ്

               2
ഒറ്റൊരു ക്ലിക്ക് കൊണ്ടായിരുന്നു
ഞാനെന്നെ തന്നെ
ഒറ്റുകൊടുത്തത്
ആദ്യം നിന്റെ;
പിന്നെ പല വിരൽ തുമ്പിലേക്ക്

കോഴി മൂന്ന് കൂകും മുന്നേ
ഉറ്റവർ തളളി പറഞ്ഞു
ഈ രക്തത്തിൽ പങ്കില്ലെന്ന്
നീ കൈ കഴുകി

പാപികളെന്നെ കല്ലെറിഞ്ഞു
പാപഭാരത്തിന്റെ കുരിശ്
ചുമപ്പിച്ചു

ഒറ്റക്ക് കയറുന്നു ഞാൻ,
കുരിശും കൊണ്ട്,
ഒറ്റപ്പെടലെന്ന ഗാഗുൽത്തയുടെ
ഉച്ചിയിലേക്ക്

മാനം ഷെയർ ചെയ്യപ്പെട്ട്
നഗ്നയാവുന്നു
മലമുകളിൽ കുരിശേറ്റപ്പെടുന്നു

ഉയർത്തെഴുന്നേൽക്കില്ല...
ഉടലിനപ്പുറം
ഉയിർ കാണാനറിയാത്ത
സർപ്പസന്തതികൾക്ക്
ഇടയിലേക്കിനി ഞാൻ

Monday, October 12, 2015

ഉണരുന്നതാരുടെ സ്വപ്നത്തിലെക്കു ഞാന്‍

മുകില്‍ പോലെ മിഴികളില്‍ പെരുകി പടരുന്ന
ഇരവിനാഴങ്ങളില്‍ ചിത്തം പുതയവേ
കടല്‍ പോലെ എന്‍ നെഞ്ചില്‍ അലയടിച്ചുയരുന്ന
മൌനക്കയങ്ങളില്‍ മുങ്ങി മറയവേ
ഒഴുകുന്നതേതേതു വഴികളിലേക്കു ഞാന്‍
ഉണരുന്നതാരുടെ സ്വപ്നത്തിലെക്കു ഞാന്‍

മരണത്തിന്‍ ചെറുപതിപ്പായ മയക്കത്തിന്‍
ലഹരിയെന്‍ സിരകളിലാകെ നിറയവേ
മനസിനാഴങ്ങളില്‍ അറിയാതെ മുള പൊട്ടി
സുഖമുള്ളൊരാലസ്യമായി വേരാഴ്ത്തവെ
ഒഴുകുന്നതേതേതു വഴികളിലേക്കു ഞാന്‍
ഉണരുന്നതാരുടെ സ്വപ്നത്തിലെക്കു ഞാന്‍

മറവി തീര്‍ത്ത മണല്‍ പുറ്റ് പൊട്ടിച്ച്
ചിറക് മുളച്ചൊരാ പഴയ സ്മരണകള്‍
ഇരുള്‍ മെല്ലെ തിന്നുന്നൊരിത്തിരി വെട്ടത്തെ
പുണരുവാനാശിച്ച് മൂളി പറക്കവേ
ഒഴുകുന്നതേതേതു വഴികളിലേക്കു ഞാന്‍
ഉണരുന്നതാരുടെ സ്വപ്നത്തിലെക്കു ഞാന്‍

Friday, September 25, 2015

ഹൈക്കു

                        1
വഴിയോരമാരേയോ തിരയുമീ മിഴികളിൽ
പുഴപോലെ നീളുന്ന കാത്തിരിപ്പ്
അഴലിന്റെയിത്തിരി നിഴൽ പൊടിപ്പ്
                         2
ഉരക്കല്ല് തീണ്ടാത്ത രത്നങ്ങളെപ്പോൽ
ഉറങ്ങിക്കിടക്കുന്നു സ്വപ്നങ്ങൾ
ഉള്ളിൽ
                        3
വിരഹം
കവിതയൂറാൻ ഉള്ളിലൊരു
മുറിവ്
                        4
മഴക്കാറാൽ ഒാട്ടയടച്ചിട്ടും
ഇടിമിന്നൽ വെച്ച് വിളക്കീട്ടും
മാനം പിന്നേം ചോരണ്

Friday, September 18, 2015

നിലാവ്


                   1
പനിനിലാവൂറുന്നൊരമ്പിളി മേലേ
പനിനീരുമായൊരു പെണ്മണി ചാരെ

                   2
നിറഞ്ഞൊഴുകും നിന്‍ മൌനം പോല്‍
നിലാവ്; നിറക്കുന്നു പാരാകെ
രാമാനം

                   3
നീ കണ്ട കിനാവിനോ
ഞാന്‍ കൊണ്ട നിലാവിനോ
ഏറെ കുളിര്

                    4
നിലാവ് തീർത്തൊരു
മരാളികേ
ആരു കാണും കിനാവ് നീ

                     5
തിങ്കൾ ചാറോ
പനിനീരോ
പെണ്ണേ നിന്നെ മണക്കുന്നു

Monday, March 2, 2015

കടൽമഴ

കടലെത്താനാകാതെ
ഉയിരറ്റ പുഴകള്‍
മഴനീരായ് വീണ്ടും
പിറക്കാറുണ്ട്
ഇടറുന്ന പാട്ടുപോല്‍ 
അവരുടെ തേങ്ങല്‍
ഈറന്‍ നിലാരാവില്‍ 
കേള്‍ക്കാറുണ്ട്
തുടരുവാനാകാതെ
പോയ കിനാവുകള്‍
മഴവില്ലായ് മാനത്ത് 
വിരിയാറുണ്ട്
ഇടിമിന്നലാകുന്ന 
മിഴികളാലാരേയോ
ഇരവിലും പകലിലും 
തിരയാറുണ്ട്
കടലിനായ് കരുതിയ
പുഴയുടെ മോഹങ്ങൾ
മഴമുകിൽ ചന്തമായ് 
കാണാറുണ്ട് 
ഒടുവിലൊരിടവത്തിൽ
ഒഴിയാതെ ചൊരിയുന്ന  
കവിതയായ് കടലിലേ
ക്കണയാറുണ്ട്