Saturday, September 7, 2013

കുരുത്തം

പകല്‍പ്പൂരം കഴിഞ്ഞ് ആനകള്‍ മടങ്ങി തുടങ്ങിയിരുന്നു. അമ്പലത്തിലേക്ക് നീളുന്ന നാട്ടുവഴിയാകെ വഴിവാണിഭക്കാര്‍ നിരന്നു കഴിഞ്ഞു. ചുട്ടുപൊള്ളുന്ന ടാര്‍ റോഡിലുടെ വിയര്‍ത്ത്കുളിച്ച് നടക്കുമ്പഴും അവന്‍ തന്റെ കീശയിലെ അഞ്ച് രൂപാ നോട്ട് ചേര്‍ത്ത് പിടിച്ചു. അച്ചന്റെ പോക്കറ്റില്‍ നിന്ന് ആരും കാണതെ കട്ടെടുത്തതാണ്...

കച്ചോടക്കാരുടെ അടുത്തെത്തിയപ്പൊഴേക്കും അവന്‍ തീരെ തളര്ന്നിരുന്നു. കീശയില്‍ നിന്ന് അഞ്ച് രൂപ ഉയര്‍ ത്തി അവന്‍ ചോദിച്ചു. “അഞ്ചുര്‍പ്യക്ക് ഇത്തിരി കുരുത്തം തര്യോ?”

പൊട്ടിചിരിക്കുന്ന ആളുകളുടെ ഇടയില്‍ നിന്ന് കാവി മുണ്ടെടുത്ത അപ്പൂപ്പന്‍ അവനടുത്തെത്തി ചോദിച്ചു.

“മോനെന്താ വേണ്ടേ?”

“എല്ലാരും പറയുന്നു ഞാന്‍ കുരുത്തം ഇല്ലാത്തോനാണെന്ന്. എനിക്കിത്തിരി കുരുത്തം വേണം”

കരച്ചിലിന്റെ വക്കിലെത്തിയ അവനെ സമാധാനിപ്പിച്ച് അയാള്‍ പറഞ്ഞു.

“എന്റെ ഒപ്പം വാ..”

അവന്‍ അനുസരിച്ചു.

ആള്‍ കൂട്ടത്തില്‍ നിന്ന് ഇത്തിരി ദൂരെ, മുളം കാടിനടുത്ത് എത്തിയപ്പോള്‍ അയാള്‍ നിന്നു. ശ്രദ്ധയോടെ കൂര്‍ത്ത ഒരു മുളം കൊമ്പ് ഒടിച്ചെടുത്ത് അവനടുത്തെക്ക് വന്ന് അയാള്‍ പറഞ്ഞു.

“അനങ്ങാതെ കണ്ണടച്ച് നില്‍ ക്കണം . ഏത്ര വേദനിച്ചാലും നിലവിളിക്കരുത്…”

അവന്‍ സമ്മതഭാവത്തില്‍ തലയാട്ടി.

അടച്ചു പിടിച്ച ഇടത് കണ്ണിനു താഴെ മുള്ളു കൊണ്ട് ആഴത്തില്‍ പോറുന്ന വേദനയറിഞ്ഞിട്ടും അവന്‍ കണ്ണു തുറക്കുകയോ, നിലവിളിക്കുകയോ ചെയ്തില്ല… വേദന കടിച്ചു പിടിച്ചു..

“ഇനി കണ്ണു തുറന്നോളു”

കണ്ണുതുറന്നപ്പോള്‍ കണ്ണുനീര്‍ മുറിവിലേക്ക് ഒലിച്ചിറങ്ങി… വല്ലാത്ത നീറല്…
കണ്ണിനു താഴെ അവന്‍ മെല്ലെ വിരലോടിച്ചു… കണ്‍ തടം തടിച്ചിരിക്കുന്നു… ചോരയും പൊടിയുന്നുണ്ട്.

ഒന്നും മനസ്സിലാകാതെ വായപൊളിച്ച് നില്ക്കുന്ന അവന്റെ കയ്യില്‍ നിന്ന് അഞ്ച് രൂപയും വാങ്ങി അയാള്‍ പറഞ്ഞു.

“നേരെ വീട്ടിലേക്ക് പോയ്ക്കോളു… കണ്ണെങ്ങനെ മുറിഞ്ഞെന്ന് ആരു ചോദിച്ചാലും വേലിചാടുമ്പോള്‍ മുള്ള്' കൊണ്ടതാണെന്ന് പറഞ്ഞാല്‍ മതി.”

അവന്‍ തലയാട്ടി.

വീര്‍ത്ത കണ്ണുമായി വീട്ടിലെക്ക് കയറി വന്ന അവനെ നോക്കി അച്ഛന്‍ ചോദിച്ചു.

“എന്ത് പറ്റിയെടാ നിന്റെ കണ്ണിന്’?”

“വേലിയിലെ മുള്ള്' കൊണ്ട് പോറിയതാ”

അടുത്ത് വന്ന് ആടി പിടിച്ച് തിരിച്ച് അവന്റെ കണ്ണിലേക്ക് നോക്കി അച്ഛന്‍ പറഞ്ഞു.

“ചെക്കന്’ കുരുത്തം ഉണ്ട്’. കണ്ണിനൊന്നും പറ്റിയില്ലല്ലോ…”

അത് കേട്ട് അവന്റെ മനസ്സില്‍ ആയിരം ലഡ്ഡു ഒരുമിച്ച് പൊട്ടി
അവസാനം തനിക്കും കിട്ടിയിരിക്കുന്നു കുരുത്തം …

11 comments:

  1. എന്തായാലും ഈ എഴുത്തിനു നല്ല കുരുത്തം ഉണ്ട് :)

    ReplyDelete
  2. അഞ്ചു രൂപയ്ക്കു കുരുത്തം കിട്ടാനുള്ള വിദ്യ കിടിലൻ ...
    കൊള്ളാം ...
    സസ്നേഹം ...

    ReplyDelete
    Replies
    1. പരീക്ഷിച്ചു നോക്കുന്നോ.. ;)

      Delete
  3. ഹാ ..ഹാ.. കൊള്ളാലോ ഇതു പോലെപൈസ കൊടുത്താലും കിട്ടും കുരുത്തം അല്ലെ ? എന്നാലും നന്നായിരിക്കുന്നു ..

    ReplyDelete
  4. കുരുത്തം പോലെ കണ്ണില്‍ കൊണ്ടില്ല!!

    ReplyDelete
  5. കണ്ണില്‍ കൊണ്ടില്ലല്ലോ, ചെക്കനു കുരുത്തമുണ്ട്...!

    ReplyDelete