***************************************************************************************
അനന്യ സെൻ, സബ്യസാചി, സാറ, തപൻ ബോസു, ആരതി വർമ്മ, മുത്തുവേൽ, മൗലിൻ ദേസായ്...വിറയ്ക്കുന്ന കയ്യിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിലെ മുഖങ്ങൾ ഓരോന്നും അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു… ശാന്തി നികേതനിലെ കൂട്ടുകാർ… വലത്തേ അറ്റത്ത് കൈ തെറുത്ത് വെച്ച് മസ്ലിൻ ഷർട്ടും ബെൽബോട്ടം പാന്റും ഇട്ടു നിൽക്കുന്ന ആ ഇരുപത്ത്മൂന്നുകാരൻ..?? അത് താൻ തന്നെയാണ്…!! മാധവൻ എന്ന അനന്തൻ!!
നാളെ രാവിലെ മടങ്ങി വരൂ എന്ന് പറഞ്ഞാണ് രഘുറാം പോയിരിക്കുന്നത്. ആ ഉറപ്പിലാണ് രഘുറാമിന്റെ മുറിയിൽ കടന്നു മേശ വലിപ്പിലെ ഈ ഫോട്ടോ എടുക്കാൻ ധൈര്യം കാണിച്ചത്. ആരതി എന്നയച്ച കത്താവും അത്? അവൾക്ക് വിലാസം കൊടുത്തത് അമ്മ ആയിരിക്കും. രവി മാഷേയും കണ്ടു കാണും. ശില്പ സദനത്തിലെ പഴയ വിദ്യാർത്ഥി എഞ്ചിനീയർ ആയിട്ടുണ്ടാകും എന്നവൾ തെറ്റിദ്ധരിച്ച് കാണും… എല്ലാ വിവരങ്ങളും രവിമാഷ് പറഞ്ഞു കാണില്ല…
ആരായിരിക്കും അവൾ ഉദ്ധ്യേശിച്ച പ്രണയ നഷ്ടം വന്ന കള്ളുകുടിയൻ? തപനും മുത്തുവേലിനും ഒരു പോലെ ആ വിശേഷണം ചേരും. എവിടെയായിരിക്കും എല്ലാവരും? സായുധ വിപ്ലവത്തിലൂടെ സമത്വവും സമാധാനവും എന്ന് തന്നെ പഠിപ്പിച്ച തപനെ എമർജൻസി സ്പെഷ്യൽ സ്കാഡ് പിടിച്ചതും കസ്റ്റഡിയിൽ മരിച്ച് പോയതും വായിച്ചിരുന്നു.. മറ്റുള്ളവർ..??
“നീ അധികം പുറത്തിറങ്ങേണ്ട, നക്സൽ വേട്ട ഊര്ജിതമാക്കിയിരിക്കുന്ന സമയമാണ്. തല്ക്കാലം ഇവിടെ കള്ളപ്പേരിൽ കഴിയൂ..അമ്മക്ക് ഞാൻ കൈതേരിക്കരയിലെ എന്റെ ബന്ധുവിന്റെ വിലാസം കൊടുത്തിട്ടുണ്ട്. അവിടേക്ക് നിനക്ക് വരുന്ന കത്തുകൾ ഞാൻ തന്നെ നിനക്കിങ്ങോട്ട് അയച്ചോളാം ”
പോലീസ് സ്റ്റേഷൻ ആക്രമണത്തിനുശേഷംം തന്നെ ഇവിടെ കൊണ്ട് വിടുമ്പോൾ അങ്ങനെയാണ് രവിമാഷ് പറഞ്ഞത്. ഇന്നിത്ര കാലത്തിനു ശേഷം അനന്തനെന്ന സ്വന്തം പേര് പോലും താൻ മറന്നിരിക്കുന്നു. അമ്മയുടെ മരണശേഷംം ഇനി ഒരു മടങ്ങിപ്പോക്ക് വേണ്ടെന്ന് സ്വയം തീരുമാനിച്ചതാണ്. കാത്തിരിക്കാൻ ആരുമില്ല. അനന്തൻ എല്ലാവരുടെയും ഓർമകളിൽ മരിച്ചു കഴിഞ്ഞു..
മുറി പൂട്ടി അയാൾ പുറത്തിറങ്ങി. മഞ്ഞു വീണ ജനൽ ചില്ലിൽ ഒരു നിമിഷം സ്വന്തം പ്രതിബിംബം നോക്കി നിന്നു. കാലം ചാലിച്ച വർണങ്ങൾ കൊണ്ട് താൻ തന്നെ തന്നിൽ തീർത്ത പോർട്രൈറ്റ്... തന്റെ മാസ്റ്റർ പീസ്..
ടാഗോർ..!!!
***************************************************************************************
“എന്നാൽ ഞാൻ ഇറങ്ങട്ടെ.. ചിട്ടി വട്ടമെത്തുമ്പോൾ നേരത്തെ തന്നെ പറയണേ ചേച്ചി.. വീട്ടിലെ അവസ്ഥ അറിയാലോ..” പോസ്റ്റോഫീസിൽ നിന്നും ഇറങ്ങും മുന്നേ സുനിത ഒന്നുകൂടെ രമണിയെ ഓർമിപ്പിച്ചു.. ചിട്ടി കിട്ടിയിട്ട് വേണം അച്ഛന്റെ ഓപ്പറേഷൻ നടത്താൻ..
കുറച്ച് മുന്നേ പോസ്റ്റ് മാസ്റ്ററോട് കാര്യങ്ങൾ തിരക്കിയിരുന്ന ചെറുപ്പക്കാരൻ ഇതാ ഇവിടെ വരെയുടെ പോസ്റ്റർ ഒട്ടിച്ച ചായക്കടയിൽ നിന്നു ഇറങ്ങി വരുന്നു. ദേഷ്യത്തോടെ എന്തോ പിറുപിറുത്ത് എന്തോ ചുരുട്ടി അയാൾ വഴിയോരത്തേക്ക് വലിച്ചെറിഞ്ഞു.
ഒരു മാസം മുന്നേ താൻ പോസ്റ്റ് ചെയ്ത കത്ത്..!!!
അയാൾ നോക്കുന്നില്ലെന്നു ഉറപ്പ് വരുത്തി സുനിത ആ കത്ത് വഴിയിൽ നിന്നെടുത്ത് പുസ്തകത്തിനുള്ളിൽ ഭദ്രമായി വെച്ചു. ഒരു മാസം മുന്നേ വായനശാലയിൽ നിന്നും രാജലക്ഷ്മിയുടെ ഉച്ച വെയിലും ഇളം നിലാവും എന്ന ഇതേ പുസ്തകം എടുത്തപ്പോഴാണ് അതിനുള്ളിൽ നിന്ന് ഈ എഴുത്ത് കിട്ടുന്നത്. മുന്നേ പുസ്തകം എടുത്തവരാരോ വെച്ച് മറന്നതാകും. പുതിയൊരു കവറിൽ പൊട്ടിച്ച കവറിൽ ഉണ്ടായിരുന്ന വിലാസം പകർത്തി എഴുതി എഴുത്തും ഫോട്ടോയും പോസ്റ്റ് ചെയ്തത് വിലാസക്കാരാണ് വൈകിയെങ്കിലും കത്ത് കിട്ടുന്നത് സന്തോഷമായിരിക്കുമെന്നു കരുതിയാണ്.
ഇതെല്ലാം ആ ചെറുപ്പക്കാരനോട് പറയണോ? ലൈബ്രറി ലഡ്ജറിൽ നോോക്കിയാൽ ഒരുപക്ഷേ കത്ത് പുസ്തകത്തിൽ വച്ച് മറന്നതാരെന്ന് കണ്ടെത്താൻ കഴിഞ്ഞാലോ....?? ഇതറിയാൻ വേണ്ടി മാത്രം പാവം ഇത്ര ദുരം വന്നതല്ലേ… ബസ് സ്റ്റോപ്പിൽ അയാൾ നിൽക്കുന്നുണ്ട്… പോയി പറഞ്ഞാലോ......
വേണ്ട.. ചിലതെല്ലാം മനസ്സിനുള്ളിൽ തന്നെ കുഴിച്ച് മൂടുന്നതാണ് നല്ലത്…
വായനശാലയിലേക്ക് നടക്കുമ്പോൾ സുനിത മനസ്സിൽ പറഞ്ഞു..
ചില കാര്യങ്ങൾ… ഈ കത്തും, തനിക്കിപ്പോൾ ആ ചെറുപ്പക്കാരനോട് തോന്നിത്തുടങ്ങുന്ന കൊച്ചു പ്രണയവും പോലുള്ള ചില കാര്യങ്ങൾ…