Saturday, August 26, 2017

ഒാർമ്മയിലെ ഒാണം

മുക്കുറ്റി തുമ്പകൾ പൂത്തു നിൽക്കുന്നൊരു
മുറ്റമാണുളളിലെ ഒാണക്കാലം
പുത്തനുടുപ്പിട്ട് പുക്കളം തീർത്തൊരു 
പത്താംനാളന്നെന്റെ ഒാണക്കാലം
പപ്പടം പായസം നൂറ്കൂട്ടം കൂട്ടി 
പുത്തരിച്ചോറുണ്ട ഒാണക്കാലം
ആവണി പൂവട്ടി വീശി നിറയ്ക്കുന്ന
ദാവണി പെൺകിടാവോണച്ചന്തം
നാണം നിറഞ്ഞൊരാ കണ്ണിൽ തെളിഞ്ഞൊരു
ഒാണ നിലാവിന്റെ ഒാർമ്മക്കാലം
ഊഞ്ഞാലിലാകാശം തൊട്ട കിനാവുകൾ
മാഞ്ഞു മറഞ്ഞൊരു നഷ്ട കാലം
ഉത്രാടനാളിലെ നെട്ടോട്ടവും പിന്നെ 
ബോണസുമിന്നെന്റെ ഒാണക്കാലം

Friday, July 21, 2017

ശ്...ശ്...ശ്....


വിചാരണക്കൊടുവിൽ
വിമൂകതയിൽ
വിലങ്ങണിയിച്ച്
മുദ്രണം ചെയ്യപ്പെട്ടിട്ടും
വരിയുടയാത്ത,
വിലക്കെടുക്കാനാവാത്ത,
കുരുത്തംകെട്ട
ചില വാക്ക് ചീളുകൾ
വിരലതിരിട്ട
വിലക്കുകൾ പൊട്ടിച്ച്
ചിതറിത്തെറിച്ച് പായുന്നു...
              

ഈറൻ സന്ധ്യ

കോടക്കാറ്റൂതും
മഴച്ചൂളയിൽ
പകലുരുക്കി പണിതൊരു
ഈറൻ സന്ധ്യ...
അറിയാത്തൊരുളളറയിൽ
നിന്നുയരുന്നഴൽ പോലെ
ഇരുളിൻ പരാഗങ്ങൾ
പടരും നിഴൽപ്പൊട്ടുകൾ
കടലിരമ്പുന്ന താളത്തിൽ
മഴമുഴക്കുന്ന ചിവീടുകൾ
ഒരു കവിൾ ചായയിൽ
മുങ്ങി മരിക്കുന്നു
ചുരമാന്തിയെത്തിയ
പ്രാന്തൻ ചിന്തകൾ
മരം പെയ്യുന്ന ചില്ലമേൽ
നീളെ നനഞ്ഞ സങ്കടങ്ങൾ
കുടഞ്ഞെറിയുന്നു
ചേക്കേറാൻ മറന്നൊരു
ബലി കാക്ക
ആളൊഴിഞ്ഞ പാതയോരം
വിറങ്ങലിച്ചൊരു
വഴിവിളക്ക്
നിറം കെട്ട് വിളറുന്ന
ചെമ്മാനം
കാർമുകിലിൽ
പുതയുന്നൊരന്തി ചാന്ത്
കോടക്കാറ്റൂതും
മഴച്ചൂളയിൽ
പകലുരുക്കി പണിതൊരു
ഈറൻ സന്ധ്യ...
മരണം പോലെ
മരവിച്ചൊരു
നിസ്സംഗതയുടെ
മൊണ്ടാഷ്...

Tuesday, June 20, 2017

ഈയാംപാറ്റകൾ


പുൽനാമ്പുകൾ തളിരിട്ട നനഞ്ഞ മൺപാതയിലൂടെ നടക്കുകയായിരുന്നു ഞാനപ്പോൾ... ഭൂമിയുടെ തുടിപ്പറിഞ്ഞ്... പച്ചിലകൾക്കിടയിലൂടെ കവിളത്ത് ഊർന്നു വീണ മഴത്തുള്ളിയുടെ കുളിരേറ്റ് വാങ്ങി...

"ഞാനിനി പോയ്ക്കോട്ടേ ചേച്ചി...?"

ചാരുവിന്റെ ശബ്ദമാണ് ദിവാസ്വപ്നത്തിൽ നിന്നുണർത്തിയത്. പണിയെല്ലാം കഴിഞ്ഞ് പോകാൻ തയ്യാറായി നിൽക്കുകയാണവൾ.

ജനലിനപ്പുറത്ത് മേഘങ്ങൾ ഒന്നുകൂടെ കനത്തിരുണ്ടു. മണി അഞ്ചു പോലുമായിട്ടില്ല; പക്ഷേ മഴക്കാറ് മൂടിക്കെട്ടി ഇപ്പഴേ രാത്രിയുടെ മട്ടായിരിക്കുന്നു... ഇരുണ്ടുകൂടുന്ന മഴക്കാറ് കാണുമ്പോൾ പണ്ടേയുളള ശീലമാണ്... മനസ്സിനുളളിൽ നിന്നും ഇതുപോലെയുളള സ്വപ്നങ്ങളും മോഹങ്ങളും ഈയാംപാറ്റയെപ്പോലെ ചിറകുമുളച്ച് പറക്കും.

"എല്ലാം ഞാൻ ഡൈനിംങ് ടേബളിൽ വച്ചിട്ടുണ്ട് ചേച്ചി. കഴിക്കുന്നതിന് മുന്നേ ഒന്ന് ചൂടാക്കിയാൽ മതി. പിന്നെ മരുന്നെല്ലാം ഞാൻ ബെഡിനടുത്ത് വെച്ചിട്ടുണ്ട്. കഴിക്കാൻ മറക്കല്ലേ ചേച്ചി."

സോഫയിൽ നിന്ന് എന്നെ വീൽചെയറിലേക്ക് മാറ്റിയിരുത്തി വാതിൽ ചാരി പോകും മുന്നേ ചാരു പറഞ്ഞു.

ചാരുവിന്റെ അമ്മക്ക് തീരെ സുഖമില്ല. അല്ലെങ്കിൽ അവൾ പതിവുപോലെ രഘു ഒാഫീസിൽ നിന്ന് വന്നതിനുശേഷം ഒരു എട്ടു മണിയൊക്കെ കഴിഞ്ഞേ ഇറങ്ങൂ.

പുറത്ത് മഴ മെല്ലേ പെയ്തു തുടങ്ങി. മാനത്തോളം വളർന്ന ചിതൽപ്പുറ്റുകളെപ്പോലെ തോന്നുന്നു മഴ നനഞ്ഞ് നിൽക്കുന്ന ഫ്ലാറ്റുകൾ. അതിനേക്കാളുമൊക്കെ ഏറെ ഉയരത്തിൽ വളർന്ന ഏകാന്തതയെന്ന വാത്മീകത്തിൽ പെട്ടുപോയൊരു ചിതലല്ലേ ഞാൻ? ഒരിക്കലും ചിറകുമുളക്കില്ലെന്നുറപ്പുളള ഒരുപാട് സ്വപ്നങ്ങൾ പെറ്റു കൂട്ടുന്ന ചിതൽ...

"ഇതുപോലുളള നെഗറ്റീവ് ചിന്തകളാണ് ഒഴിവാക്കേണ്ടത്. വീട്ടിൽ അടച്ചിരിക്കാതെ പുറത്തൊക്കെ പോകൂ... പഴയ പരിചയങ്ങളൊക്കെ പുതുക്കൂ... ആക്സിഡന്റ് നടന്നിട്ട് ഇത്ര കാലമായില്ലേ... എന്നാലും അതിന്റെ ഒരു emotional trauma ഇപ്പഴും ഉണ്ടാകാം.. But you have to get over it... കാലു മാത്രമേ തളർന്നിട്ടൊളളൂ... ജീവിതം തളരാതെ നോക്കേണ്ടത് നമ്മളാണ്."

ഉപദേശങ്ങളുടെ മേമ്പൊടിക്കൊപ്പമാണ് ഡോക്ടർ സുജ അന്ന് ഡിപ്രഷനുളള മരുന്ന് കുറിച്ച് തന്നത്. രഘുവിന്റെ അകന്ന ബന്ധുവാണെന്ന സ്വാതന്ത്ര്യം കൊണ്ടാവാം.

പക്ഷേ എത്ര ഉപദേശിച്ചാലും ഏതു മരുന്നു കഴിച്ചാലും മറക്കാനാകാത്ത ചിലതുണ്ട്. കാലല്ല.. കാലുറപ്പിച്ചു നിന്നിരുന്ന എന്റെ ജീവിതമാണ് ആ ആക്സിഡന്റിൽ നഷ്ട്ടമായത്. ഒരമ്മയാവാനുളള എന്റെ ആഗ്രഹവും അവകാശവുമാണ് രഘുവിന്റെ അശ്രദ്ധകൊണ്ട്....

"ഞാനും ഇതു തന്നയാ പറയാറുളളത് സുജാന്റി... മോട്ടറൈസ്ഡ് വീൽചെയറാണ്. ചാരുവിന്റെ സഹായം പോലുമില്ലാതെ അടുത്തുളള ഫ്ലാറ്റുകളിലോ, താഴെ പാർക്കിലോ ഒക്കെ പോയ് വരാം. പക്ഷേ പറഞ്ഞാൽ കേൾക്കേണ്ടേ...?"

ജോലിക്ക് തുടർന്നു പോകാൻ താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ അത് പ്രാക്ടിക്കൽ അല്ലെന്ന് അറത്ത് മുറിച്ച് പറഞ്ഞ് മുറിക്കുളളിൽ അടങ്ങിയിരിക്കാൻ പ്രേരിപ്പിച്ചതും രഘു തന്നെയല്ലേ... രഘുവല്ലേ എനിക്ക് ചുറ്റും ഏകാന്തതയുടെ ചിതൽപ്പുറ്റ് തീർത്തത്.

ബിപ്... ബിപ്...

രഘുവിന്റെ മെസേജ് വന്നതാണ്.

"Caught up with work in office. Will be bit late. don't wait for me. have your food on time... :)"

ഇതിപ്പോൾ പതിവെന്നപോലെ ആയിരിക്കുന്നു. എനിക്ക് പക്ഷേ എന്തോ മുഷിപ്പോ ദേഷ്യമോ തോന്നുന്നില്ല.

മഴയിപ്പഴും പതിഞ്ഞതാളത്തിൽ പെയ്തുകൊണ്ടിരിക്കയാണ്. ഇടക്കിടക്ക് ചെവിപൊട്ടുന്ന ഉച്ചത്തിൽ ഇടിവെട്ടും...

ജനൽ തുറന്നിടട്ടേ... തൂവാനത്തിന്റെ കുളര് മുഖത്തേറ്റുകൊണ്ട് ഈ രാത്രിമഴ ആവോളം കണ്ടാസ്വദിക്കണം.

വീൽചെയറുരുട്ടി ജനലിനടുത്തെത്തിയപ്പോൾ മിന്നിയ കൊളളിയാന്റെ വെളിച്ചത്തിലാണ് ഞാൻ ആ അത്ഭുത കാഴ്ച്ച കാണുന്നത്.

ഈയൽ ചിറകുകൾ വീശി, ഫ്ലാറ്റുകളിലെ കിളിവാതിലിലൂടെ ആകാശം തേടിപ്പറക്കുന്ന മനുഷ്യർ...!!! ഒന്നും രണ്ടുമൊന്നുമല്ല, ഈയാംപാറ്റകളേപ്പോലെ ഒരായിരം പേർ...!!!

അടുത്തൊരു മിന്നലാട്ടത്തിൽ എന്റെ ജനൽച്ചില്ലിലെ പ്രതിഫലനത്തിൽ ഞാൻ കണ്ടു...!!!

എന്റെ ചുമലിൽ നിന്ന് മുളച്ചു പൊങ്ങി നിൽക്കുന്ന, മഴവില്ലിൻ മിനുപ്പമുളള ചിറകുകൾ....!!!

Tuesday, December 13, 2016

മഴ പെയ്തൊഴിഞ്ഞ
മനസ്സുപോലെ
തെളിവോടെ ചിരിതൂകും
രാമാനം
ഇരുളിൽ വിടരും
നിലാപൂവിനെ
നുകരുവാനെത്തും
മുകിൽ ശലഭം
വഴി നീളെ വിതറിയ
മുത്ത് പോലെ
മീന്നാമിനുങ്ങുമീ
താരങ്ങളും
ഏഴഴകുള്ള മയിൽപ്പീലി
പോലെയീ
ചേലുള്ള രാവും
വെളുത്ത വാവും

Friday, December 2, 2016

Demonetization


Characters

Sudhi
Nachu
Rony
Delivery boy
Counter Attendant 


Scene 1

Interior/Night/Sudhi’s Bed Room

മെസ്സേജ് ഡെലിവെർഡ് ആയ ശബ്ദത്തോടെ മിന്നി തെളിയുന്ന സുധിയുടെ ഫോൺ... മൊബൈൽ സ്‌ക്രീനിൽ 'മെസ്സേജ് ഫ്രം പൂങ്കോഴി' എന്ന നോട്ടിഫിക്കേഷന് ഒപ്പം ടൈം 11.07 എന്നും ഡേറ്റ് 12 നവംബര് എന്നും വ്യക്തമായി കാണാം.

മുഖത്ത് നിന്ന് പുതപ്പ് മാറ്റി, അവ്യക്തമായി എന്തൊക്കയോ പിറുപിറുത്ത്കൊണ്ട് ഫോൺ എടുത്ത് മെസ്സേജ് വായിക്കുന്ന സുധി. 

മെസ്സേജ്...

"എടാ... ഞാനും നാച്ചുവും നിന്റെ വീടിനു മുന്നിൽ ഉണ്ട്... കണ്ണന് ബര്ത്ഡേ സർപ്രൈസ് കൊടുക്കേണ്ടേ... എല്ലാ സംഭവങ്ങളും റെഡ്‌ഡി ആയിട്ടുണ്ട്.. കേക്ക് മാത്രം വാങ്ങിയിട്ടില്ല..."

പുതപ്പ് വലിച്ചെറിഞ്ഞ് കട്ടിലിൽ നിന്ന് എഴുന്നേൽക്കുന്ന സുധി.

Scene 2
Exterior/Night/Sudhi’s Home and Courtyard

വീട്ടിൽ നിന്ന് പുറത്തേക്ക് കാത്ത് നിൽക്കുന്ന നാച്ചുവിനും റോണിക്കും അടുത്തേക്ക് വരുന്ന സുധി. അടക്കി പിടിച്ച സംസാരങ്ങൾ, പൊട്ടിച്ചിരികൾ..

Scene 3
Exterior/Night/Bakery-Restaurant Surrounding

ബേക്കറിക്ക് അരികിലായി ബൈക്ക് പാർക്ക് ചെയ്ത് ബക്കറിക്കുള്ളിലേക്ക് കയറുന്ന സുധിയും നാച്ചുവും റോണിയും

Scene 4a
Interior/Night/Inside Bakery-Restaurant

ഏറെക്കുറെ ഒഴിഞ്ഞു കിടക്കുന്ന ബേക്കറി. ഒഴിഞ്ഞു കിടക്കുന്ന ഒരു ടേബിളിനടുത്ത് ഇരിക്കുന്ന സുധിയും നാച്ചുവും. 

കൗണ്ടറിനു അടുത്തേക്ക് ചെല്ലുന്ന റോണി

Scene 4b
Interior/Night/Inside Bakery-Restaurant

കൗണ്ടറിനു അടുത്തേക്ക് ചെല്ലുന്ന റോണി

റോണി: ഒരു ബര്ത്ഡേ കേക്ക് വേണംല്ലോ ചേട്ടാ..

കൗണ്ടറിലെ ചേട്ടൻ: അഞ്ഞൂറും ആയിരവും ഒന്നും ഇടുക്കില്ല ട്ടാ.. ചില്ലറ വേണം..

റോണി (കൂട്ടുകാർക്ക് നേരെ തിരിഞ്ഞ്): ഡാ.. നിങ്ങടെ കയ്യിൽ ചില്ലറയുണ്ടോ?

സുധി: ഒരു രക്ഷേംം ഇല്ല മച്ചൂ..

നാച്ചു: എടാ കാർഡ് കൊടുക്ക് 

കൗ ചേ: സോറി സർ, swipe മെഷീൻ കേടാണ് 

റോണി (ടേബിളിനു അടുത്തേക്ക് നടന്നു കൊണ്ട് കൂട്ടുകാരോട്): ഇനി എന്താ ചെയ്യാ.. 

സുധിയുടെയും നാച്ചുവിന്റെയും മുഖത്ത് നിരാശ.

റോണി (കൗ ചേ നോട്): ഇവിടെ പത്ത് മിനിറ്റ് ഇരിക്കുന്നത് കൊണ്ട് പ്രോബ്ലം ഒന്നും ഇല്ലല്ലോ?

കൗ ചേ: ഇല്ല സർ

Scene 4c
Interior/Night/Inside Bakery-Restaurant

മൊബൈലിൽ Zomato app തുറന്ന് കേക്ക് ഓർഡർ ചെയ്യുന്ന റോണിയുടെ വിരലുകൾ. സീനിലേക്ക് സുധിയുടെ ശബ്ദം: നീ എന്ത് ചെയ്യാ?

റോണി: കേക്ക് ഓർഡർ ചെയ്യുന്നു 

സുധി: ഇവിടെ ഇരുന്നിട്ടോ 

റോണി: നീ വെയിറ്റ് ആൻഡ് സീ മച്ചൂ 

Scene 5
Exterior-Interior/Night/Bakery-Restaurant

ബേക്കറിക്ക് പുറത്തേക്ക് നോക്കി ഇരിക്കുന്ന മൂവർ സംഘം. ബേക്കറി ഡോർ തുറന്ന് അകത്തേക്ക് വരുന്ന Zomato Delivery Boy 

Scene 6
Interior/Night/Inside Bakery-Restaurant

കൗ ചേ യോട് ബര്ത്ഡേ കേക്ക് ഓർഡർ ചെയ്യുന്ന ZDB. കേക്ക് പാക്ക് ചെയ്ത് വാങ്ങിയ ശേഷം കസ്റ്റമേറെ വിളിക്കുന്ന ZDB.

റോണിയുടെ ഫോൺ റിങ് ചെയ്യുന്നു. 

റോണി (ഫോൺ അറ്റന്റ് ചെയ്ത് കൊണ്ട്): ഹലോ 

ZDB: ഹലോ സർ, ബര്ത്ഡേ കേക്ക് റെഡ്‌ഡിയാണ്. എവിടെയാണ് ഡെലിവേര് ചെയ്യേണ്ടത്. അഡ്രസ് ഒന്ന് പറയാമോ?

റോണി (ZDB ക്ക് പിറകിലേക്ക് നടന്നു ചെന്ന് കൊണ്ട്): താാന്നൊന്ന് തിരിഞ്ഞ നിന്നേ.. എന്നിട്ട് നേരെ എന്റെ കയ്യിലേക്ക് ഡെലിവേര് ചെയ്തോ

ഒരു നിമിഷം ചെറുതായൊന്നു ഞെട്ടി തിരിഞ്ഞ് നോക്കുന്ന ZDB. പിന്നിൽ ചിരിച്ച കൊണ്ട് നിൽക്കുന്ന റോണിയെ കണ്ട് അമ്പരന്ന്: സർ പിന്നെ എന്തിനാ Zomato യിൽ ഓർഡർ ചെയ്തത്.

ഒന്നും മിണ്ടാതെ തിരിഞ്ഞ് കൂട്ടുകാരെ നോക്കുന്ന റോണി. അമ്പരന്ന് ചിരിക്കുന്ന സുധിയും നാച്ചുവും. തിരിഞ്ഞ കൗ ചേ നെ നോക്കുന്ന റോണി. കൗ ചേ ചിരിക്കുന്നു.

ഒന്നും മനസ്സിലാകാതെ ZDB 



Wednesday, November 30, 2016

ചില ട്രെയിൻ യാത്രാ ചിന്തകൾ










കാലം കണക്കേ നീളുമീ പാതയിൽ
ചൂളം വിളിച്ചുകൊണ്ടോടുന്ന യാനം
പാളം തെറ്റിയ ചിന്തകളായ് ഞാനും
ജാലകമോരത്ത് കാറ്റ് കായുന്നു

ഒാടി മായുന്ന ജാലക കാഴ്ച്ചകൾ
പോയി മായും നേരമോർമിച്ചു പോയി ഞാൻ
പാളത്തിലേറി പായുന്ന പാച്ചലിൽ
കാണാൻ മറന്നെത്ര ചേലുളള കാഴ്ച്ചകൾ