Friday, October 27, 2017

ഒാർമ്മച്ചിരാതുകൾ


അപ്പ്വച്ചാച്ചൻ ഒാർമ്മയിൽ നിറയാൻ തുടങ്ങുന്നത് ഒരു നനുത്ത കാറ്റായാണ്.

അപ്പൂപ്പൻതാടികളിലൂഞ്ഞാലാടി വരുന്ന ചാമ്പക്കാ മണമുളള ഇളംകാറ്റ്.

അന്നൊക്കെ എന്റെ നേരം പുലർന്നിരുന്നത് ചാമ്പക്ക പെറുക്കാനായിരുന്നു.

കിടക്കപ്പായയിൽനിന്നേഴുന്നേറ്റ്, കെ പി നമ്പൂതിരീസ് കൊണ്ട് പല്ല് തേച്ചെന്ന് വരുത്തി, പച്ചീർക്കലി പകുത്തത് കൊണ്ട് നാവും വടിച്ച് പൈപ്പ് വെളളത്തിൽ മുഖവും കഴുകി ഞാനോടുന്നത് അപ്പ്വച്ചാച്ചന്റെ പറമ്പിലേക്കാണ്.

മദ്രസ്സ വിട്ടു വരുന്ന പിള്ളേരെ വടി വീശി ചാമ്പച്ചോട്ടിലേക്കടിപ്പിക്കാതെ അപ്പ്വച്ചാച്ചൻ നിൽക്കുന്നുണ്ടാവും അവിടെ. ആ ചാമ്പക്കകൾ എനിക്ക് മാത്രം അവകാശപ്പെട്ടതാണ്.

ചാമ്പക്കകൾ മാത്രമല്ല, അപ്പ്വച്ചാച്ചന്റെ കഥകളുടെ ലോകവും എനിക്ക് മാത്രം അവകാശപ്പെട്ടതാണ്.

രാത്രിയാണ് അച്ചാച്ചൻ കഥകളുടെ ഭാണ്ഡക്കെട്ടഴിക്കുന്നത്. സന്ധ്യക്ക്‌ നാമജപവും കഴിഞ്ഞ് വീട്ട് കണക്കും ചെയ്ത് തീർത്താൽ പിന്നെ ഞാൻ മതില് ചാടി അപ്പ്വച്ചാച്ചന്റോടത്തെ ഉമ്മറത്തേക്കെത്തും. ഉണ്ണുന്നതിന് മുന്നേയുളള മുറുക്ക് തുടങ്ങിയിരിക്കും അപ്പോഴേക്കും അച്ചാച്ചൻ. തൂണും ചാരി റേഡിയോയിൽ വയലും വീടോ നാടകമോ കേട്ട് മാനവും നോക്കി ഉമ്മറത്തിണ്ണയിൽ അച്ചാച്ചനൊപ്പം ഞാനും ഇരിക്കും. പിന്നെ തോന്നിയതൊക്കെ പറയും, സ്ക്കൂളിലെ വിശേഷങ്ങളും, പാടത്ത് കളിച്ചതും, കശുവണ്ടി പറക്കിയതും, തെങ്ങിൻ മണ്ടയിൽ നിന്നും താഴെ വീണ അണ്ണാൻ കുഞ്ഞിനെ തപ്പി പോയതും ഒക്കെ.... എല്ലാം മൂളിക്കേട്ട് കഴിഞ്ഞാൽ പിന്നെ അച്ചാച്ചന്റെ ഊഴമാണ്. മുറുക്കി തുപ്പും പോലെ കടും നിറമുള്ള എത്രയെത്ര രസികന്‍ കഥകളാണെന്നോ അച്ചാച്ചൻ പറയാറുളളത്...

കഥ പോലെ പറയുന്ന ഒാർമ്മകളായിരുന്നു അച്ചാച്ചൻ കഥകൾ. കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ ഒാർമ്മകളെല്ലാം അച്ചാച്ചനെനിക്ക് പകർന്നു. വർത്തമാനത്തിലൂടെ ഭൂതകാലത്തേക്ക് സഞ്ചരിക്കുന്ന മാന്ത്രികനായിരുന്നു അച്ചാച്ചൻ. അവസാനമില്ലാത്ത ഒാർമ്മകളുടെ സൂക്ഷിപ്പ്കാരൻ... അച്ചാച്ചന്റെ കൈ പിടിച്ച് ആ ഒാർമ്മകളിലേറി പോയ് പോയ കാലങ്ങളിലേക്ക് കാണാമറയത്തെ ദേശങ്ങളിലേക്കും ഞാനുമെത്ര യാത്ര ചെയ്തൂ...

അങ്ങനെ ഞാൻ അച്ചാച്ചനൊപ്പം നീർനായകൾ മാത്രം പാർക്കുന്ന ചേറ്റുവ പുഴയിലെ കണ്ടൽ തുരുത്തുകൾക്ക് ചുറ്റും നീന്തി, കാനോലി കനാലിന് കുറുകേ മാട്ടുമ്മലിലേക്ക് പാലം പണീയിപ്പിക്കുന്ന വില്യംസ് സായിപ്പിനെ കണ്ടു, നേര്യംകോട്ടെ മന്ത്രവാദിയുടെ അഹമ്മതിത്തരങ്ങൾ കണ്ടറിഞ്ഞു, ഉപ്പും ചോറും തേടി മദിരാശിയിലും മൈസൂരും അച്ചാച്ചനൊപ്പം അലഞ്ഞു..., കൊളമ്പിലേക്ക് കപ്പല് കയറി....

അത്താഴം കഴിക്കാനമ്മ വിളിക്കുമ്പോഴാണ് ഞാനാ ടൈം ട്രാവലുകളിൽ നിന്ന് തിരിച്ചെത്താറ്. ബാക്കി നാളെ പറയാമെന്ന് അച്ചാച്ചനേക്കൊണ്ട് വാക്ക് പറയിച്ച് മനസ്സില്ലാമനസ്സോടെ വീട്ടിലേക്ക് ഞാൻ തിരിച്ചോടും.

കാലം മാറി മറയുമ്പോൾ പ്രീയപ്പെട്ട എത്രയെത്ര കാര്യങ്ങളാണ് ഒാർമ്മയിലേക്കും പിന്നെ മറവിയിലേക്കും എടുത്തെറിയപ്പെടുന്നത്...!!!

ഞാൻ പത്താം ക്ലാസിൽ പടിക്കുമ്പോഴാണ് അപ്പ്വച്ചാച്ചനും കുടുംബവും വീട് വിറ്റ് പോകുന്നത്. അച്ഛനില്ലാത്ത പേരക്കുട്ടിയെ കെട്ടിച്ചയക്കാൻ അച്ചാച്ചന് വേറെ വഴിയില്ലായിരുന്നു...

വീട്ട് സാധനങ്ങളെല്ലാം ലോറിയിലേറ്റിയ ശേഷം എന്നെ കെട്ടിപ്പിടിച്ച് യാത്ര പറയുന്ന അച്ചാച്ചൻ കണ്ണീരിന്റെ നനവുളള നോവോർമ്മയായി കുറേ നാൾ മനസ്സിലുണ്ടായിരുന്നു.

പിന്നെ വല്ലപ്പോഴും ഒാർമ്മയിൽ വന്നു പോകുന്നൊരു അഥിതിയായി അപ്പ്വച്ചാച്ചൻ.

ഇപ്രാവശ്യം അവധിക്ക് വന്നപ്പോൾ അമ്മ പറഞ്ഞാണറിഞ്ഞത് അപ്പ്വച്ചാച്ചൻ തീരെ വയ്യാതെ കിടപ്പാണെന്ന്.

"നിനക്കൊന്ന് പോയിക്കണ്ടൂടെ മോനേ... അച്ചാച്ചന്റെ നിഴൽ വെട്ടത്ത് നിന്ന് മാറാത്ത ചെക്കനായിരുന്നു... വലുതായപ്പോ എല്ലാം മറന്നു.."

ശരിയാണ്. മറക്കാൻ പാടില്ലാത്തതാണ്. ഒാർമ്മകളെ ഇത്രമേൽ സ്നേഹിക്കാൻ പടിപ്പിച്ച അച്ചാച്ചനെ എങ്ങനെ ഞാൻ മറന്നു....?!!

അച്ചാച്ചനെ തേടി ഞാൻ ഇരുനിലംകോട്ടെത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. ചെറുപ്പത്തിൽ നാലഞ്ച് പ്രാവശ്യം അമ്മയ്ക്കൊപ്പം വന്നിട്ടുണ്ടെങ്കിലും വഴി ശരിക്കുമോർമ്മ കിട്ടുന്നില്ല. ചോദിച്ചറിഞ്ഞ് ഞാനെത്തുമ്പോൾ വീടിനുമ്മറത്ത് അച്ചാച്ചനിരിക്കുന്നുണ്ട്, കൂടെ വത്സലമ്മായിയുമുണ്ട് - അച്ചാച്ചന്റെ വിധവയായ ഒറ്റ മകൾ. നര നന്നായി വീണിട്ടുണ്ട്, ക്ഷീണിച്ചിട്ടുണ്ട്. അച്ചാച്ചന് വേറെ മാറ്റമൊന്നുമില്ല.

"തീരെ ഒാർമ്മയില്ല മോനേ.. പോരാത്തതിന് ഭയങ്കര വാശിയും. ചിലപ്പോ എന്നേപ്പോലും തിരിച്ചറിയില്ല.." വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ് വത്സലമ്മായി പറഞ്ഞു.

അച്ചാച്ചന് അൽഷിമേഴ്സാണെന്നോ...?? ഒരിക്കലും വറ്റാത്തതെന്ന് ഞാൻ കരുതിയ ഒാർമ്മക്കിണർ വറ്റി വരണ്ടെന്നോ...??!!

"മനസ്സിലായില്ലേ...? മണിക്കുട്ടനാ... ഒരുമനയൂരെ നമ്മുടെ വീടിനടുത്ത് താമസിച്ചിരുന്ന..." ഒന്നും മിണ്ടാതെ നിർവികാരനായി എന്നെ നോക്കി നിന്നിരുന്ന അച്ചാച്ചന് വത്സലമ്മായി എന്നെ പരിചയപ്പെടുത്തി.

ചിതറിത്തെറിച്ച കുറേ ഒാർമ്മകളെ പെറുക്കിയടക്കി വെയ്ക്കാനുളള പാട് ആ മുഖത്ത് കാണാമായിരുന്നു.

മറവിയുടെ ഇരുട്ടറയിലേക്കൊഴുകിപ്പോയൊരു കാലം മനസ്സിലേക്ക് തിരിച്ചൊഴുകിയോ...??

എന്റെ കൈത്തണ്ട പിടിച്ച് ഇമവെട്ടാതെ നോക്കുന്ന അച്ചാച്ചന്റെ കണ്ണുകൾ മൗനമായി നിറഞ്ഞൊഴുകി.

ഒരു നിമിഷത്തേക്കെങ്കിലും എന്റെ അപ്പ്വച്ചാച്ചനെന്നെ തിരിച്ചറിഞ്ഞോ...??!!

ഇരുട്ടുന്നതിന് മുന്നേ എനിക്ക് വീട്ടിലെത്തണം. വത്സലമ്മായിയോട് യാത്ര പറഞ്ഞിറങ്ങുമ്പഴും അച്ചാച്ചൻ അതേ ഇരുത്തം ഇരിക്കയാണ്.

പടിയിറങ്ങുമ്പോൾ ഞാനാ കണ്ണുകളിലേക്കൊന്ന് തിരിഞ്ഞ് നോക്കി..

എണ്ണ വറ്റി കരിന്തിരി കത്തുന്നു രണ്ട് ഒാർമ്മച്ചിരാതുകൾ...!!!