Friday, September 13, 2013

സമാന്തരങ്ങള്‍ 

പതിവിലും നേരത്തേ കട പൂട്ടി രാഘവന്‍ ഇറങ്ങിയതും മഴപെയ്യാന്‍ തുടങ്ങിയിരുന്നു. വിശ്ചികത്തില്‍ ഇങ്ങനെ ഒരു മഴ പതിവുള്ളതല്ല. ഒരു നിമിഷം കടയിറയത്ത് സംശയിച്ച് നിന്നശേഷം അയാള്‍ മഴയിലേക്കിറങ്ങി നടന്നു.

"രാഘവേട്ടാ… കുട വേണോ….??"

കണാരേട്ടന്റെ പീടികയില്‍ നിന്ന് അബു വിളിച്ച് ചോദിച്ചു.
അബു അയല്‍വാസിയാണ്. സ്നേഹമുള്ള പയ്യന്‍ . ശിവന്റെ കളിക്കൂട്ടുകാരന്‍ …..

"വേണ്ട മോനേ...." അയാള്‍ പറഞ്ഞു.

ഈ മഴ ആവോളം നനയണം . ഇനിയെന്തിനാണ് പനിപിടിക്കുമെന്നൊക്കെ വെറുതേ പേടിക്കുന്നത്.

മഴ നനഞ്ഞ് നടന്നകലുന്ന രാഘവനെ നോക്കി തെല്ലമ്പരപ്പോടെ അബു നിന്നു.
                                            ___________________

                                            ___________________

തുറന്നു കിടന്ന ജാലകത്തിലൂടെ മഴനൂലുകള്‍ മെല്ലേ ശിവനെ തൊട്ടുണര്‍ത്തി. ഞെട്ടിയുണര്‍ന്ന് ആദ്യം നോക്കിയത് മൊബൈലിലേക്ക് ആണ്. സമയം അഞ്ചേമുക്കാല്‍ കഴിഞ്ഞിരിക്കുന്നു. വൈകീട്ട് ആറരക്ക് നാട്ടിലെ സ്റ്റേഷനിലെത്തുമെന്നാണ് ട്രയിന്‍ ഷഡ്യൂള്‍ നോക്കിയപ്പോള്‍ കണ്ടത്. ഒരുറക്കം കഴിഞ്ഞപ്പോഴേക്കും നാടെത്തിയോ? ശിവന്റെ നെഞ്ചിടിപ്പിന്റെ വേഗത കൂടി....

എത്ര കാലത്തിനു ശേഷമാണ് നാട്ടിലേക്ക്.... പതിനെട്ട് വര്‍ഷം വേണ്ടി വന്നു നാട്ടിലേക്ക് മടങ്ങി പോകുവാനായി മനസ്സിനെ പാകപെടുത്തിയെടുക്കുവാന്‍.

സുധ തന്നെ ഓര്‍ക്കുന്നുണ്ടാകുമോ എന്തോ? താന്‍ നാട് വിടുമ്പൊള്‍ അവള്‍ക്ക് പത്തു വയസ്സാണ്. ഇപ്പോള്‍ കല്യാണമൊക്കെ കഴിഞ്ഞ് മക്കളൊക്കെയായി സുഖമായിരിക്കുന്നുണ്ടാകും. ഇങ്ങനെ ഒരു അമ്മാവനെ പറ്റി മക്കളോട് പറയാറുണ്ടാകുമോ അവള്‍ ?

ബോഗി ഏതാണ്ട് കാലിയായിരിക്കുന്നു. ശിവന്‍ പതിയേ എഴുന്നേറ്റ് ചെന്ന് മുഖം കഴുകി വാതിലിനരികേ ചാരി നിന്ന് ഒരു സിഗര്റ്റിന് തീ കൊളുത്തി. വണ്ടി ഇരുട്ട് വീണു തുടങ്ങിയ വയലിനു നാടുവിലൂടെ ഓടാന്‍ തുടങ്ങിയിരുന്നു അപ്പോള്‍ . ചെറുതായല്ലാതെ മഴ പെയ്യുന്നുണ്ട്. മഴയിലേക്ക് ഒരു കവിള്‍ പുക ഊതിവിട്ടു ശിവന്‍ .

അച്ഛന് ഇപ്പോഴും തന്നോട് ദേഷ്യമായിരിക്കുമോ?
ഏന്റെ കുഞ്ഞനുജത്തിയെ ഞാന്‍ കൊന്നുകളഞ്ഞെന്ന് അച്ഛനിപ്പൊഴും കരുതുന്നുണ്ടാകുമോ…?
അബദ്ധത്തിലാണെങ്ങിലും എന്റെ കൈ കൊണ്ടാണ് രമ…………

വേണ്ടാ…
ഇപ്പോള്‍ ഇതൊന്നും വീണ്ടും ഓര്‍ക്കരുത്.
കാലങ്ങളായി ഈ ഓര്‍മ്മ തന്നെ വേട്ടയാടുന്നു. എല്ലാം മറക്കണം. ഇനിയുള്ളകാലം അച്ഛനൊപ്പം സമാധാനത്തോടെ ജീവിക്കണം. അതിനാണി മടക്കം.

ശിവന്‍ കണ്ണുകളടച്ച് നിന്നു. ഇരുട്ടിനും മേലെ അഞ്ച് വയസ്സുകാരി രമയുടെ പുഞ്ചിരി മാത്രം മായാതെ തെളിഞ്ഞു നിന്നു.
                                            ___________________

                                            ___________________

സമാന്തരമായി നീളുന്ന റയില്‍ പാളങ്ങള്‍ക്ക്  കുറുകേ കണ്ണുകള്‍ ഇറുക്കിയടച്ച്  രാഘവന്‍ കിടന്നു. മഴ പെയ്ത് തോര്‍ന്നിരുന്നു. ഇനിയും പത്ത് മിനിട്ടോളമുണ്ട് വണ്ടി വരാന്. വൈകി ഓടാന്‍ സാധ്യത കുറവാണ്. മഴക്കാലത്ത് മണ്ണിടിഞ്ഞ് പാളം മൂടി മറ്റു വണ്ടികള്‍ വൈകി ഓടുമ്പോഴും ആറരക്ക് സ്റ്റേഷനില്‍  എത്തുന്ന ഈ വണ്ടി മാത്രം ക്രിത്യ സമയം പാലിച്ച് പോന്നു.

ആറരയുടെ വണ്ടി റേയില്‍ ക്രോസ് ഗെയ്റ്റ് കടന്നു പോകുമ്പോഴാണയാള്‍ തന്റെ പെട്ടികട കുറച്ച് നേരത്തേക്കടച്ച് പതിവു ചായക്കായി കണാരേട്ടന്റെ പീടികയിലേക്ക് ചെല്ലാറുള്ളത്. സുധയുടെ പിള്ളേര് ട്യൂഷ്യന്‍ വിട്ട് വരാറുള്ളത് അപ്പോഴാണ്. മഖരീബ് ബാങ്ക് വിളിക്കാന്‍ ഉസ്മാനിക്ക പള്ളിയില്‍ പോകുന്നതും പവിത്രനും കൂട്ടുകാരും ഷാപ്പിലേക്കിറങ്ങുന്നതും അപ്പോഴാണ്. ആ പരിസരത്തുള്ള എത്രയോ പേരുടെ ഘടികാരമാണ് ആറരയുടെ വണ്ടി.

കുറേനേരം മഴ കൊണ്ട് കിടന്നതുകൊണ്ടാവാം പാളത്തിന് നല്ല തണുപ്പ്. അയാള്‍ പാളത്തോട് ചെവി ചേര്‍ത്ത് വച്ചു. ദൂരേ നിന്നും വല്ല ശബ്ദവും കേള്‍ക്കുന്നുണ്ടോ...?
ഇടിമിന്നല്‍ പോലെ വല്ലാത്തൊരു തണുപ്പ് രാഘവന്റെ ഇടനെഞ്ചിലേക്ക് ഇരച്ചു കയറി…
എണീറ്റ് ഓടിയാലോ....?
ഒരിടനേരത്തേക്ക് അയാള്‍ ചിന്തിച്ച് പോയി.
എങ്ങോട്ടേക്ക്? ഉടനേ മറുചിന്ത വന്നു.
എല്ലാം മുമ്പേ തീരുമാനിച്ചുറപ്പിച്ചതല്ലേ… ഇനി മാറ്റമൊന്നും വേണ്ട. ഇന്നത്തോടെ എല്ലാം അവസാനിക്കണം … എല്ലാം …

തന്റെ ശവ ശരീരം പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ട് വരുന്ന രംഗം രാഘവന്‍ സങ്കല്‍പ്പിച്ച് നോക്കി. സങ്കടത്തോടൊപ്പം ക്രൂരമായ ഒരാനന്ദവും അയാളുടെ ഉള്ളില്‍ നിറഞ്ഞു. ബ്ലൈഡ്കാരുടെ ഭീഷണിയും ബാങ്ക്കാരുടെ വിരട്ടലും പവിത്രനെന്ന മരുമോന്റെ ശല്യവും ഇതോടെ ഇല്ലാതാവുകയാണ്… ഇതില്പരം എന്ത് സമാധാനം.

പക്ഷേ സുധയുടേം പിള്ളേരേം കാര്യം ആലോചിക്കുമ്പൊഴാണ്…
ഒരേഒരുമോള്‍ക്കായി ഒന്നും കരുതാനായില്ലല്ലോ… ശിവനുണ്ടായിരുന്നെങ്കില്‍ ….
അവനുണ്ടായിരുന്നെങ്കില്‍ ഇതൊന്നും സം ഭവിക്കില്ലായിരുന്നു… പവിത്രനേപോലെയൊരു ഏഴാം കൂലിക്ക് സുധയെ കൊടുക്കേണ്ടി വരുമായിരുന്നില്ല… വീടും പറമ്പും പണയത്തില്‍ ആകുമായിരുന്നില്ല… കടം കേറി മുടിയുമായിരുന്നില്ല… ശിവനുണ്ടായിരു……………………………………………………………………………………………………………  
ഒന്നൊന്നായി മുളപൊട്ടുന്ന അയാളുടെ ചിന്തകള്‍ക്ക് മീതേ മരണം മുഴക്കിക്കൊണ്ട് ആറരയുടെ വണ്ടി കടന്നു പോയി.

Saturday, September 7, 2013

കുരുത്തം

പകല്‍പ്പൂരം കഴിഞ്ഞ് ആനകള്‍ മടങ്ങി തുടങ്ങിയിരുന്നു. അമ്പലത്തിലേക്ക് നീളുന്ന നാട്ടുവഴിയാകെ വഴിവാണിഭക്കാര്‍ നിരന്നു കഴിഞ്ഞു. ചുട്ടുപൊള്ളുന്ന ടാര്‍ റോഡിലുടെ വിയര്‍ത്ത്കുളിച്ച് നടക്കുമ്പഴും അവന്‍ തന്റെ കീശയിലെ അഞ്ച് രൂപാ നോട്ട് ചേര്‍ത്ത് പിടിച്ചു. അച്ചന്റെ പോക്കറ്റില്‍ നിന്ന് ആരും കാണതെ കട്ടെടുത്തതാണ്...

കച്ചോടക്കാരുടെ അടുത്തെത്തിയപ്പൊഴേക്കും അവന്‍ തീരെ തളര്ന്നിരുന്നു. കീശയില്‍ നിന്ന് അഞ്ച് രൂപ ഉയര്‍ ത്തി അവന്‍ ചോദിച്ചു. “അഞ്ചുര്‍പ്യക്ക് ഇത്തിരി കുരുത്തം തര്യോ?”

പൊട്ടിചിരിക്കുന്ന ആളുകളുടെ ഇടയില്‍ നിന്ന് കാവി മുണ്ടെടുത്ത അപ്പൂപ്പന്‍ അവനടുത്തെത്തി ചോദിച്ചു.

“മോനെന്താ വേണ്ടേ?”

“എല്ലാരും പറയുന്നു ഞാന്‍ കുരുത്തം ഇല്ലാത്തോനാണെന്ന്. എനിക്കിത്തിരി കുരുത്തം വേണം”

കരച്ചിലിന്റെ വക്കിലെത്തിയ അവനെ സമാധാനിപ്പിച്ച് അയാള്‍ പറഞ്ഞു.

“എന്റെ ഒപ്പം വാ..”

അവന്‍ അനുസരിച്ചു.

ആള്‍ കൂട്ടത്തില്‍ നിന്ന് ഇത്തിരി ദൂരെ, മുളം കാടിനടുത്ത് എത്തിയപ്പോള്‍ അയാള്‍ നിന്നു. ശ്രദ്ധയോടെ കൂര്‍ത്ത ഒരു മുളം കൊമ്പ് ഒടിച്ചെടുത്ത് അവനടുത്തെക്ക് വന്ന് അയാള്‍ പറഞ്ഞു.

“അനങ്ങാതെ കണ്ണടച്ച് നില്‍ ക്കണം . ഏത്ര വേദനിച്ചാലും നിലവിളിക്കരുത്…”

അവന്‍ സമ്മതഭാവത്തില്‍ തലയാട്ടി.

അടച്ചു പിടിച്ച ഇടത് കണ്ണിനു താഴെ മുള്ളു കൊണ്ട് ആഴത്തില്‍ പോറുന്ന വേദനയറിഞ്ഞിട്ടും അവന്‍ കണ്ണു തുറക്കുകയോ, നിലവിളിക്കുകയോ ചെയ്തില്ല… വേദന കടിച്ചു പിടിച്ചു..

“ഇനി കണ്ണു തുറന്നോളു”

കണ്ണുതുറന്നപ്പോള്‍ കണ്ണുനീര്‍ മുറിവിലേക്ക് ഒലിച്ചിറങ്ങി… വല്ലാത്ത നീറല്…
കണ്ണിനു താഴെ അവന്‍ മെല്ലെ വിരലോടിച്ചു… കണ്‍ തടം തടിച്ചിരിക്കുന്നു… ചോരയും പൊടിയുന്നുണ്ട്.

ഒന്നും മനസ്സിലാകാതെ വായപൊളിച്ച് നില്ക്കുന്ന അവന്റെ കയ്യില്‍ നിന്ന് അഞ്ച് രൂപയും വാങ്ങി അയാള്‍ പറഞ്ഞു.

“നേരെ വീട്ടിലേക്ക് പോയ്ക്കോളു… കണ്ണെങ്ങനെ മുറിഞ്ഞെന്ന് ആരു ചോദിച്ചാലും വേലിചാടുമ്പോള്‍ മുള്ള്' കൊണ്ടതാണെന്ന് പറഞ്ഞാല്‍ മതി.”

അവന്‍ തലയാട്ടി.

വീര്‍ത്ത കണ്ണുമായി വീട്ടിലെക്ക് കയറി വന്ന അവനെ നോക്കി അച്ഛന്‍ ചോദിച്ചു.

“എന്ത് പറ്റിയെടാ നിന്റെ കണ്ണിന്’?”

“വേലിയിലെ മുള്ള്' കൊണ്ട് പോറിയതാ”

അടുത്ത് വന്ന് ആടി പിടിച്ച് തിരിച്ച് അവന്റെ കണ്ണിലേക്ക് നോക്കി അച്ഛന്‍ പറഞ്ഞു.

“ചെക്കന്’ കുരുത്തം ഉണ്ട്’. കണ്ണിനൊന്നും പറ്റിയില്ലല്ലോ…”

അത് കേട്ട് അവന്റെ മനസ്സില്‍ ആയിരം ലഡ്ഡു ഒരുമിച്ച് പൊട്ടി
അവസാനം തനിക്കും കിട്ടിയിരിക്കുന്നു കുരുത്തം …

Monday, February 4, 2013

മഴക്കാറ്റ്


നീ...

ആര്‍ത്ത് പെയ്ത മഴ
ബാക്കിവച്ച
പുതുമണം പേറുന്ന
ഈറന്‍കാറ്റ്

നീര്‍വലിയുന്ന
മണല്‍ ക്യാന്‍വാസില്‍
വെയില്‍ വരക്കുന്ന
നിഴല്‍ ചിത്രങ്ങള്‍
ഉലച്ച് രസിക്കുന്ന
ഇളംകാറ്റ്

മനസാഴങ്ങളില്‍
കാലം അടക്കിയ
മറവിയുടെ വിത്തുകള്‍ക്ക്
മഴയില്‍ മുളപൊട്ടാനായ്
ആഞ്ഞ് വീശുന്ന
ഓര്‍മ്മക്കാറ്റ്

തണുപ്പ് പുതച്ച
രാത്രികളില്‍
ഇരുട്ട് പുതച്ച്
എന്നോടൊപ്പം
കുളിര്‍ കായാനെത്തുന്ന
രാക്കാറ്റ്