Wednesday, November 30, 2016

ചില ട്രെയിൻ യാത്രാ ചിന്തകൾ










കാലം കണക്കേ നീളുമീ പാതയിൽ
ചൂളം വിളിച്ചുകൊണ്ടോടുന്ന യാനം
പാളം തെറ്റിയ ചിന്തകളായ് ഞാനും
ജാലകമോരത്ത് കാറ്റ് കായുന്നു

ഒാടി മായുന്ന ജാലക കാഴ്ച്ചകൾ
പോയി മായും നേരമോർമിച്ചു പോയി ഞാൻ
പാളത്തിലേറി പായുന്ന പാച്ചലിൽ
കാണാൻ മറന്നെത്ര ചേലുളള കാഴ്ച്ചകൾ

An NSA Date with Days

പിൻവിളികൾ അരുതെന്റെ
ഇന്നലെകളേ
ഇന്നിനോടൊത്തു ഞാൻ പോയിടുമ്പോൾ
പെയ്തൊഴിഞ്ഞനുരാഗ മേഘങ്ങൾ നിങ്ങൾ
എൻ ഓർമ്മകളിലൊരു മുറിയിൽ ചേക്കേറുക

കണ്ണുനീരൊപ്പുകെൻ സുന്ദരികളേ
എന്നെന്നും നിങ്ങളെൻ കാമിനിമാർ
മുൻവിധിയില്ലാത്ത പ്രണയമാണെന്നു ഞാൻ
അന്നേ പറഞ്ഞു കഴിഞ്ഞിരുന്നു

മണിയറയൊൊരുക്കുകെൻ തോോഴിമാരെ, നിങ്ങൾ
ഇന്നിനു മംഗളം നേർന്നീടുക
നാളെ ഞാൻ നാളെയേ താലി ചാർത്തും നേരം
കൂടെയായ് കൂട്ടേണം നിങ്ങളിവളെ

അഞ്ചലോട്ടം


മണിയൻ പിള്ളയുടെ പിറു പിറുപ്പു കേട്ടാണ് രഘുറാം ഉണർന്നത്.
"എന്താ മണിയേട്ടാ ?"
"ഓ... ഈ അണ്ണാച്ചികൾ കണ്ണിലേക്ക് വെട്ടം അടിപ്പിക്കുന്നേ കുഞ്ഞേ.... "ജീപ്പിന്റെ സൈഡ് മിററിലൂടെ കടന്നു പോയ പാണ്ടിലോറി നോക്കി കൊണ്ടാണ് അയാളത് പറഞ്ഞത്.രഘുറാം വെളിയിലേക്കു നോക്കി കൊണ്ടിരുന്നു.
തിരക്ക് കൂടിയ ശ്രീ പത്മനാഭന്റെ മണ്ണിൽനിന്ന് ഇടുക്കിയിലേക്ക് ഒരു ട്രാൻസ്ഫർ താൻ ചോദിച്ചു വാങ്ങിയതാണ്. ഇല്ലെങ്കിൽ പോകേണ്ടതു ജയനായിരുന്നു. പക്ഷെ ഏഴു മാസം ഗർഭിണിയായ ഭാര്യയെ പിരിഞ്ഞു പോകുന്ന ദുഃഖം പറഞ്ഞപ്പോൾ താനാണു ഇക്കാര്യം ജയനോട് അങ്ങോട്ട് പറഞ്ഞത്.അമ്മ നാട്ടിലാണ്, ഭാര്യയും മക്കളുമില്ലാത്ത തനിക്കു തിരുവനന്തപുരം ആയാലെന്താ ഇടുക്കി ആയാലെന്താ...
വലുതും ചെറുതുമായ മലകളുടെ അടിവാരങ്ങളിലൂടെ ചെറു റോഡുകളും വളവും തിരിവും നിറഞ്ഞ പാതയിലൂടെ യാത്ര. മണിയൻ ചേട്ടന്റെ ഡ്രൈവിംഗ്, ഡിപ്പാർട്മെന്റിൽ തന്നെ വലിയ മതിപ്പാണ്. അത് കൊണ്ട് തന്നെ രഘുറാമിന് പേടി തോന്നിയിരുന്നില്ല. പന്ത്രണ്ടു മണിയായി കാണും അവർ ക്വാർട്ടേഴ്‌സ് എത്തിയപ്പോൾ.
"ഡാ ടാഗോറേ ..."
മണിയേട്ടൻ സാധനങ്ങൾ ഇറക്കി വക്കുന്ന തിനടയിൽ വിളിച്ചു കൊണ്ടിരുന്നു.
"ടാഗോറോ .....!? ആരാ അത്... ?”
"ഹ ഹ ..! ഇവിടെ സഹായത്തിനു നിൽക്കുന്ന ആളാ പേര് മാധവൻ. ടാഗോർ എന്ന് പറഞ്ഞാലേ അറിയൂ... "ഒരു വയസൻ കതകു തുറന്നു പുറത്തേക്കിറങ്ങി വന്നു. താടിയും മുടിയും വളർത്തി രൂപം കൊണ്ട് ടാഗോറിന്റെ അപരനെന്നു തന്നെ പറയാം. അയാൾ സാധനങ്ങൾ ചുമ്മന്നു അകത്തേക്ക് പോയി.
"എന്നാ...ഞാൻ പോട്ടെ കുഞ്ഞേ...? "
"ഇപ്പഴോ ? നാളെ പോകാം മണിയേട്ടാ.. ഈ
രാത്രി ഇനി ഡ്രൈവ് വേണോ ?""!!
"അനിയന്റെ വീട് ഇവിടെ അടുത്താ.. വല്ലനാളിലും ആണ് ഇവിടെയൊക്കേ വരുന്നത്. അവിടെ ഒന്ന് പോണം. അവർക്കും ഒരു സന്തോഷം.... "
"ശരി. എന്നാൽ വയ്കിക്കേണ്ട പൊയ്ക്കൊളു.. "
ജീപ്പ് പോകും വരെ രഘുറാം വെളിയിൽ തന്നെ നിന്നു. തണുത്ത കാറ്റു വീശി അടിച്ചു കൊണ്ടിരുന്നു.
രഘുറാം വീട് ഒന്ന് നോക്കി. കരിങ്കല്ലിൽ തീർത്ത ഭിത്തികൾ. ബ്രിട്ടീഷ് അധിനിവേശത്തിന്റെ അനേകം അവശേഷിപ്പുകളിൽ ഒന്ന്. യൂറോപ്പ് മോഡൽ കെട്ടിടം. അയാൾ അകത്തേക്ക് കയറി.
തീ കായാൻ വിറകിട്ടു കോപ്പു കൂട്ടുകയായിരുന്നു ടാഗോർ.
"സാറെ കാപ്പി എടുത്തു വച്ചിട്ടുണ്ട് ...കുളി ചൂട് വെള്ളത്തിലാണോ.. ?"
" ഏയ് വേണ്ട സാദവെള്ളത്തിലാവാം.. "
കുളി കഴിഞ്ഞു ആഹാര ശേഷം ഡയറി എഴുതാൻ രാഘുറാം ഇരുന്നു. ഒരു പ്രത്യേകതരം ഗന്ധം അയാളുടെ മൂക്കിൽ തുളച്ചു കയറി കൊണ്ടിരുന്നു. സ്വാതന്ത്ര്യം കിട്ടി ഇന്നേക്കു മുപ്പതു വർഷമായിരിക്കുന്നു. ബ്രിട്ടീഷുകാരന്റെ ഗന്ധമിപ്പോഴും ഈ മുറിവിട്ടു പോകാത്തതു പോലെ അയാൾക്ക്‌‌തോന്നി. കുറെ പാവം ഇന്ത്യക്കാരുടെ വേദനയുടെ കഥയും ചിലപ്പോൾ ഈ വീടിനു പറയാനുണ്ടാകും.
അയാൾ ഓരോന്നും ഡയറിയിൽ എഴുതിവച്ചു.
ടാഗോറിന്റെ വിളികേട്ടാണ് അയാൾ ഉണർന്നത് ."സാറേ കോൺട്രാക്ടർ ജീപ്പ് അയച്ചിട്ടുണ്ട്
സൈറ്റ് വിസിറ്റിന്.. "
അപ്പോഴാണ് രഘുറാം സമയം നോക്കിയത്. പത്തു കഴിഞ്ഞിരിക്കുന്നു. ഇന്നലെ താമസിച്ചു കിടന്നത് കൊണ്ട് വൈകിയതാണ്.
"ആ സർക്കാർ ജീപ്പ് ശരിയാകാൻ രണ്ടാഴ്ച്ച എടുക്കുമത്രേ... '
"അയാളോട് വെയിറ്റ് ചെയ്യാൻ പറ.. "
സൈറ്റ് വിസിറ്റുകഴിഞ്ഞു. മണ്ണ്, സിമന്റ്, കമ്പി എന്നിവയുടെ പോരായ്മയെ കുറിച്ച് രഘുറാം കോൺട്രാക്ടറോട് പറഞ്ഞു. ഒരു എഞ്ചിനീയറിന്റെ ഡ്യൂട്ടിയാണ് ഇതെന്നും ഈ പറഞ്ഞ പോരായ്മകൾ നികത്തേണ്ടത് കോൺട്രാക്ടറുടെ കടമയാണെന്നും കൂട്ടി ചേർത്തു. തിരിച്ചു ക്വാർട്ടേഴ്സ് എത്തിയപ്പോൾ പോസ്റ്റ്മാൻ നിൽപ്പുണ്ട്.
"സർ ഒരു ലെറ്റർ ഉണ്ട് "
"എനിക്കോ...!?"
വന്നു രണ്ടാമത്തെ ദിവസം തനിക്കാരു കത്ത് അയക്കാൻ....? അമ്മക്ക് അഡ്രസ് അറിയാം. പക്ഷെ, ഇന്നലെ കണ്ടിട്ട് വന്നതാണ്. അതുമല്ല, ഒരു ദിവസം കൊണ്ട് കത്ത് ഇവിടെയത്തുകയുമില്ല.
കത്ത് വാങ്ങി, സാധാരണ കത്തുകളെക്കാൾ കുറച്ചു ഭാരം കൂടുതൽ അയാൾക്ക്‌തോന്നി.കത്തിൽ "ടു എഞ്ചിനീയർ " എന്നാണ് വച്ചിരുന്നത് ഇവിടുത്തെ അഡ്രസ്സും. പേര് വച്ചിരുന്നില്ല. രഘുറാം റൂമിലേക്ക് പോയി. കസേര വലിച്ചിട്ടു മേശക്കു മുന്നിൽ ഇരുന്നു. കവറിന്റെ അരിക് സൂക്ഷിച്ച് കീറി. നാലായി മടക്കിയ ഒരു വെള്ള കടലാസ് താഴെക്കു വീണു. രഘുറാം അത് എടുത്തു തുറന്നു നോക്കി. രണ്ടു സുന്ദരമായ കണ്ണുകൾ ആരോ വരച്ചിരിക്കുന്നതാണ്.. അതിനടിയിൽ ഇങ്ങനെ കുറിച്ചിരുന്നു.
''നിൻ കൺ പീലിക്കുളിൽ തീർത്തൊരു മണിഗോപുരം തുറക്കു നീ...നിൻ മിഴി മുനകളിലൊളിപ്പിച്ചോരാ പ്രണയ നിർമല ചാരുതയെന്നിലേക്ക് അടർത്തു നീ പ്രണയനിമിഷത്തിലലിയാൻ നിളയുടെ ഓരം ഞാൻ കൊതിച്ചു നിൽപ്പു..."
ഹ്മ്മ് കൊള്ളാം രഘുറാം ആത്മഗതം പറഞ്ഞു. എഴുത്തു വായിച്ചു തുടങ്ങി ഉള്ളടക്കം
" സ്വന്തം അനന്തേട്ടന് ,
സാഹിത്യം പാഠ്യവിഷയമായി എടുത്തത്തു നന്നായി. പ്രണയ ലേഖനം കിട്ടുമ്പോളതിൽ സാഹിത്യവും കവിതയുമൊക്കെയുണ്ട്. ഏട്ടൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു ഞാൻ പ്രണയത്തിലാണിപ്പോൾ... എന്റെ കണ്ണുകൾ വരച്ചവനോടോ എന്നെ കുറിച്ച് കവിത എഴുതിയവനോടോ അല്ല. പ്രണയിച്ചവൾ നഷ്ടപ്പെട്ടപ്പോൾ മദ്യത്തിൽ അഭയം പ്രാപിച്ചവനോട് ...പക്ഷെ അവനു ...?!
അടുത്ത കത്തിൽ വിശദമാക്കാം ...
എന്ന് സ്വന്തം
ആരതി വർമ്മ”
രഘുറാമിന് ജിജ്ഞാസ അടക്കാൻ കഴിഞ്ഞില്ല അയാൾ എണിറ്റു.
ആരാണീ ഈ അനന്ദൻ ?
അയാളുടെ കത്ത് ഇവിടെ എന്തിനു വന്നു ? ആരതി വർമ്മ അവളുടെ പ്രണയം ...?!!!
ഒരുത്തരത്തിനായി രഘുറാം കത്ത് വന്ന കവറിന്റെ അകവും പുറവും പരതി. കവറിനുള്ളിൽ ഒരു ഫോട്ടോ കൂടെ ഉണ്ട്. ഒരു ഗ്രൂപ്പ് ഫോട്ടോ.. കോളേജ് സ്റ്റുഡന്റസ് ആയിരിക്കണം. സൽവാർ കമ്മീസ് ധരിച്ച്, മുടി പിന്നിയിട്ട മൂന്നു പെൺകുട്ടികൾ.. കൂടെ ക്ലീൻ ഷേവ് മുഖമുള്ള അഞ്ച് ആൺപിള്ളേർ. ഫോട്ടോക്ക് പിന്നിലെഴുതിയ പേര് രഘുറാം വായിച്ചു.
"ദാസ് സ്റ്റുഡിയോ, കൽക്കട്ട..."

***************************************************************************************
“Uh-uh-uh...
No-sir-ee, uh, uh...
I'm gonna stick like glue,
Stick because I'm
Stuck on you...”
ഗ്രാമഫോണിൽ എല്‍വിസ് പ്രസ്‌ലി പാടുന്നു....
ഇന്ന് വൈകുന്നേരം അദ്ധ്യേഹം മരണപ്പെട്ട റേഡിയോ വാർത്ത കേട്ടപ്പോൾ അവിശ്വസനീയമായി തോന്നി... ഹൈ സ്കൂൾ മുതലുള്ള ആരാധനയാണ്, ഈ റോക്ക് എൻ റോൾ രാജകുമാരനോട്...
"സാർ, അൽത്താഴം വിളമ്പട്ടെ...??"
ടാഗോറിന്റെ ചോദ്യം ചിന്തകളിൽ നിന്നുണർത്തി...
"ശരി"
അത്താഴം വിളമ്പുന്ന നേരത്ത് ടാഗോറുമായി ഒരു സൗഹൃദ സംഭാഷണത്തിന് രഘുറാം ശ്രമിച്ചു. ഒന്ന് രണ്ടു വാക്കുകളിൽ ഉള്ള മറുപടി, കൂർത്ത നോട്ടം.. ആകെ കൂടെ ഒരു നിഗുഢത ചൂഴ്ന്നു നിൽക്കുന്ന പെരുമാറ്റം...
"മാധവേട്ടൻ ഇവിടെ എത്ര വർഷമായി...?"
"പത്ത് വർഷത്തോളമായി..."
"ഇവിടെ ഇതിനു മുന്നേ താമസിച്ചിരുന്നവരെ അറിയാമോ?"
"അറിയാം സാർ"
"ഒരു അനന്തൻ എഞ്ചിനിയറെ അറിയാമോ?"
ഒരു നിമിഷത്തെ മൗനം..
"അങ്ങനെ ഒരു എഞ്ചിനീയർ ഇവിടെ താമസിച്ചിട്ടില്ല സാർ"
"മാധവേട്ടൻ വരുന്നതിനു മുൻപ്...?"
"ഇല്ല സാർ... ഈ സായിപ്പ് ബംഗ്ളാവ് ഡിപ്പാർട്ടമെന്റ് വാങ്ങി ക്വാട്ടേഴ്‌സ് ആയി ഉപയോഗിക്കാൻ തുടങ്ങിയത് തന്നെ പത്ത് വര്ഷം മുന്നേയാണ്"
അനന്തനെന്ന ഒരാൾ ഇവിടെ താമസിച്ചിരുന്നില്ലെങ്കിൽ പിന്നെ ആ കത്തിവടെ എങ്ങനെ എത്തി? തന്റെ ഉറക്കം കെടുത്തുന്ന ചോദ്യങ്ങൾ കൊണ്ടായിരുന്നു ആ കത്ത് മല കയറിവന്നെതെന്ന് കിടക്കയിൽ അസ്വസ്ഥനായി കിടക്കവേ രഘുറാം ഓർത്തു.
“I'm gonna stick like glue,
Stick because I'm
Stuck on you...” രഘുറാം മെല്ലെ മൂളി...
അനന്തനും ആരതി വർമയും... പശ വെച്ച് ഒട്ടിച്ച സ്റ്റാമ്പ് പോലെ അവർ രണ്ടുപേരും മനസ്സിൽ പറ്റിപ്പിടിച്ചിരിക്കുന്നു...
*************************************************************************************
കൈതേരിക്കര...
കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് ഇവിടെനിന്നാണ്. ആരതി വർമയുടെ കത്തിനായി ഒരു മാസത്തോളം കാത്തു. ഇനിയെന്തായാലും ഈ കത്തിനെ കുറിച്ച് എല്ലാം അറിഞ്ഞേ മടങ്ങു... കൈതേരിക്കര പോസ്റ്റ് ഓഫീസ് ലക്ഷ്യമാക്കി രഘുറാം നടന്നു.
കവറിനു മുകളിൽ പതിഞ്ഞ പോസ്റ്റൽ സീലിൽ നിന്നാണ് കൈതേരിക്കരയിൽ നിന്നാണ് കത്തയച്ചിരിക്കുന്നതെന്ന് മനസ്സിലായത്. പുതിയ കവറാണ്.. പക്ഷെ കത്തെഴുതിയിരിക്കുന്ന കടലാസിൽ പഴക്കത്തിന്റെ മഞ്ഞ നര കയറിത്തുടങ്ങിയിരുന്നു.
നമ്പർ എഴുതിയ മരപ്പാളികൾവാതിലായുള്ള ചെറിയൊരു പീടിക മുറിയിലാണ് കൈതേരിക്കര പോസ്റ്റ് ഓഫീസ് പ്രവൃത്തിക്കുന്നത്. പോസ്റ്റോഫീസിനുള്ളിൽ ലേഡി സ്റ്റാഫിനോട് സംസാരിച്ചു നിന്നിരുന്ന ദാവണിക്കാരി പെൺകുട്ടിയിൽ കത്തിനൊപ്പം അന്നുകണ്ട ഗ്രൂപ്പ് ഫോട്ടോയിലെ സുന്ദരിയുടെ മുഖം വെറുതെയെന്തിനോ രഘുറാം തിരഞ്ഞു.
"എന്താ കാര്യം?"
പോസ്റ്റ് മാസ്റ്ററാണ്.
രഘുറാം സ്വയം പരിചയപ്പെടുത്തി. പോക്കറ്റിൽ നിന്ന് കത്തെടുത്ത് പോസ്റ്റ് മാസ്റ്റർക്ക്കൊടുത്തു... ആ ഫോട്ടോ ഒപ്പമെടുക്കാൻ മറന്നിരിക്കുന്നു... കാര്യങ്ങൾ വിശദമായി പറഞ്ഞു.
"ഇതൊരു ചെറിയ ഗ്രാമമാണ്. ഇവിടെ ഉള്ളവരെയെല്ലാം എനിക്ക് നേരിട്ട് അറിയാം. ആരതി വർമ്മ എന്നൊരാൾ ഈ നാട്ടിൽ ഇല്ല."
അറുത്ത് മുറിച്ച് പോസ്റ്റ് മാസ്റ്റർ പറഞ്ഞത് തെല്ലുറക്കെയാണ്... അൽപ്പം ജാള്യം തോന്നി രഘുറാമിന്. ആ ദാവണിക്കാരിയുടെ മുഖത്ത് ഒരു പരിഹാസ ചിരി പോലെ...
***************************************************************************************
അനന്യ സെൻ, സബ്യസാചി, സാറ, തപൻ ബോസു, ആരതി വർമ്മ, മുത്തുവേൽ, മൗലിൻ ദേസായ്...വിറയ്ക്കുന്ന കയ്യിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിലെ മുഖങ്ങൾ ഓരോന്നും അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു… ശാന്തി നികേതനിലെ കൂട്ടുകാർ… വലത്തേ അറ്റത്ത് കൈ തെറുത്ത് വെച്ച് മസ്ലിൻ ഷർട്ടും ബെൽബോട്ടം പാന്റും ഇട്ടു നിൽക്കുന്ന ആ ഇരുപത്ത്‌മൂന്നുകാരൻ..?? അത് താൻ തന്നെയാണ്…!! മാധവൻ എന്ന അനന്തൻ!!
നാളെ രാവിലെ മടങ്ങി വരൂ എന്ന് പറഞ്ഞാണ് രഘുറാം പോയിരിക്കുന്നത്. ആ ഉറപ്പിലാണ് രഘുറാമിന്റെ മുറിയിൽ കടന്നു മേശ വലിപ്പിലെ ഈ ഫോട്ടോ എടുക്കാൻ ധൈര്യം കാണിച്ചത്. ആരതി എന്നയച്ച കത്താവും അത്? അവൾക്ക് വിലാസം കൊടുത്തത് അമ്മ ആയിരിക്കും. രവി മാഷേയും കണ്ടു കാണും. ശില്പ സദനത്തിലെ പഴയ വിദ്യാർത്ഥി എഞ്ചിനീയർ ആയിട്ടുണ്ടാകും എന്നവൾ തെറ്റിദ്ധരിച്ച് കാണും… എല്ലാ വിവരങ്ങളും രവിമാഷ് പറഞ്ഞു കാണില്ല…
ആരായിരിക്കും അവൾ ഉദ്ധ്യേശിച്ച പ്രണയ നഷ്ടം വന്ന കള്ളുകുടിയൻ? തപനും മുത്തുവേലിനും ഒരു പോലെ ആ വിശേഷണം ചേരും. എവിടെയായിരിക്കും എല്ലാവരും? സായുധ വിപ്ലവത്തിലൂടെ സമത്വവും സമാധാനവും എന്ന് തന്നെ പഠിപ്പിച്ച തപനെ എമർജൻസി സ്പെഷ്യൽ സ്കാഡ് പിടിച്ചതും കസ്റ്റഡിയിൽ മരിച്ച് പോയതും വായിച്ചിരുന്നു.. മറ്റുള്ളവർ..??
“നീ അധികം പുറത്തിറങ്ങേണ്ട, നക്സൽ വേട്ട ഊര്ജിതമാക്കിയിരിക്കുന്ന സമയമാണ്. തല്ക്കാലം ഇവിടെ കള്ളപ്പേരിൽ കഴിയൂ..അമ്മക്ക് ഞാൻ കൈതേരിക്കരയിലെ എന്റെ ബന്ധുവിന്റെ വിലാസം കൊടുത്തിട്ടുണ്ട്. അവിടേക്ക് നിനക്ക് വരുന്ന കത്തുകൾ ഞാൻ തന്നെ നിനക്കിങ്ങോട്ട് അയച്ചോളാം ”
പോലീസ് സ്റ്റേഷൻ ആക്രമണത്തിനുശേഷംം തന്നെ ഇവിടെ കൊണ്ട് വിടുമ്പോൾ അങ്ങനെയാണ് രവിമാഷ് പറഞ്ഞത്. ഇന്നിത്ര കാലത്തിനു ശേഷം അനന്തനെന്ന സ്വന്തം പേര് പോലും താൻ മറന്നിരിക്കുന്നു. അമ്മയുടെ മരണശേഷംം ഇനി ഒരു മടങ്ങിപ്പോക്ക് വേണ്ടെന്ന് സ്വയം തീരുമാനിച്ചതാണ്. കാത്തിരിക്കാൻ ആരുമില്ല. അനന്തൻ എല്ലാവരുടെയും ഓർമകളിൽ മരിച്ചു കഴിഞ്ഞു..
മുറി പൂട്ടി അയാൾ പുറത്തിറങ്ങി. മഞ്ഞു വീണ ജനൽ ചില്ലിൽ ഒരു നിമിഷം സ്വന്തം പ്രതിബിംബം നോക്കി നിന്നു. കാലം ചാലിച്ച വർണങ്ങൾ കൊണ്ട് താൻ തന്നെ തന്നിൽ തീർത്ത പോർട്രൈറ്റ്... തന്റെ മാസ്റ്റർ പീസ്..
ടാഗോർ..!!!

***************************************************************************************
“എന്നാൽ ഞാൻ ഇറങ്ങട്ടെ.. ചിട്ടി വട്ടമെത്തുമ്പോൾ നേരത്തെ തന്നെ പറയണേ ചേച്ചി.. വീട്ടിലെ അവസ്ഥ അറിയാലോ..” പോസ്‌റ്റോഫീസിൽ നിന്നും ഇറങ്ങും മുന്നേ സുനിത ഒന്നുകൂടെ രമണിയെ ഓർമിപ്പിച്ചു.. ചിട്ടി കിട്ടിയിട്ട് വേണം അച്ഛന്റെ ഓപ്പറേഷൻ നടത്താൻ..
കുറച്ച് മുന്നേ പോസ്റ്റ് മാസ്റ്ററോട് കാര്യങ്ങൾ തിരക്കിയിരുന്ന ചെറുപ്പക്കാരൻ ഇതാ ഇവിടെ വരെയുടെ പോസ്റ്റർ ഒട്ടിച്ച ചായക്കടയിൽ നിന്നു ഇറങ്ങി വരുന്നു. ദേഷ്യത്തോടെ എന്തോ പിറുപിറുത്ത് എന്തോ ചുരുട്ടി അയാൾ വഴിയോരത്തേക്ക് വലിച്ചെറിഞ്ഞു.
ഒരു മാസം മുന്നേ താൻ പോസ്റ്റ് ചെയ്ത കത്ത്..!!!
അയാൾ നോക്കുന്നില്ലെന്നു ഉറപ്പ് വരുത്തി സുനിത ആ കത്ത് വഴിയിൽ നിന്നെടുത്ത് പുസ്തകത്തിനുള്ളിൽ ഭദ്രമായി വെച്ചു. ഒരു മാസം മുന്നേ വായനശാലയിൽ നിന്നും രാജലക്ഷ്മിയുടെ ഉച്ച വെയിലും ഇളം നിലാവും എന്ന ഇതേ പുസ്തകം എടുത്തപ്പോഴാണ് അതിനുള്ളിൽ നിന്ന് ഈ എഴുത്ത് കിട്ടുന്നത്. മുന്നേ പുസ്തകം എടുത്തവരാരോ വെച്ച് മറന്നതാകും. പുതിയൊരു കവറിൽ പൊട്ടിച്ച കവറിൽ ഉണ്ടായിരുന്ന വിലാസം പകർത്തി എഴുതി എഴുത്തും ഫോട്ടോയും പോസ്റ്റ് ചെയ്തത് വിലാസക്കാരാണ് വൈകിയെങ്കിലും കത്ത് കിട്ടുന്നത് സന്തോഷമായിരിക്കുമെന്നു കരുതിയാണ്.
ഇതെല്ലാം ആ ചെറുപ്പക്കാരനോട് പറയണോ? ലൈബ്രറി ലഡ്ജറിൽ നോോക്കിയാൽ ഒരുപക്ഷേ കത്ത് പുസ്തകത്തിൽ വച്ച് മറന്നതാരെന്ന് കണ്ടെത്താൻ കഴിഞ്ഞാലോ....?? ഇതറിയാൻ വേണ്ടി മാത്രം പാവം ഇത്ര ദുരം വന്നതല്ലേ… ബസ് സ്റ്റോപ്പിൽ അയാൾ നിൽക്കുന്നുണ്ട്… പോയി പറഞ്ഞാലോ......
വേണ്ട.. ചിലതെല്ലാം മനസ്സിനുള്ളിൽ തന്നെ കുഴിച്ച് മൂടുന്നതാണ് നല്ലത്…
വായനശാലയിലേക്ക് നടക്കുമ്പോൾ സുനിത മനസ്സിൽ പറഞ്ഞു..
ചില കാര്യങ്ങൾ… ഈ കത്തും, തനിക്കിപ്പോൾ ആ ചെറുപ്പക്കാരനോട് തോന്നിത്തുടങ്ങുന്ന കൊച്ചു പ്രണയവും പോലുള്ള ചില കാര്യങ്ങൾ…

Wednesday, October 26, 2016

രാമാനം

ഇനിയൊട്ടു നേരം
ഒരുമിച്ചിരിക്കാം
പുഴവറ്റിയൊഴുകുമീ
മണൽതിട്ട മേലേ...
ചില്ലയിലുറയുന്ന
കാറ്റ് കാതോർത്ത്,
കൊള്ളിമീൻ മിന്നും
രാമാനം കൺപാർത്ത്

ഇനിയൊട്ട് നേരം
കുളിർനിലാ കായാം
മിഴിയോട് മിഴിനട്ട് 
മൊഴിയാതിരിക്കാം
മണലിലുലയുന്ന
നിഴലുകൾക്കൊപ്പം
ചുവട് പിഴച്ചൊരു
നിഴലാട്ടമാടാം

ഇലനാമ്പിലൂറുന്ന
തൂമഞ്ഞിനൊപ്പം
ഉദയത്തിലലിയുന്ന
രാ തിങ്കൾ പോലെ
നിന്റെ മൗനം തീർക്കും
ജലരാശിയിൽ ഞാൻ
ലവണമായലിയും
പുലരിക്കുമുന്നേ....


Thursday, October 6, 2016

തോറ്റവന്റെ സുവിശേഷം

അജ്ഞാത സുഹൃത്തേ...
എന്തിനു വൃഥാ
ഇന്നലകളിലെന്റെ
തിരുശേഷിപ്പ് തേടുന്നു?
എന്നേക്കുമായി
വിസ്മൃതിയുടെ
കാണാത്തുരുത്തിലേക്കു
എന്നേ ഞാൻ
കടത്തപ്പെട്ടിരിക്കുന്നു
മൗനം താഴിട്ടടച്ച
കാലത്തിന്റെ സാക്ഷ്യപത്രം പോലും
പരാജിതനെന്ന പ്രതിസംഞ്ജയിൽ
പേരോതുക്കിയിട്ടുണ്ടാകും
ദുരമുറ്റിയ എതിരിയെന്ന്
ലോകം വിജയിയെ പ്രതിധ്വനിക്കുന്നുണ്ടാകും
മടങ്ങുക നീ....
മറവിയുടെ മടിയിലെന്നെ
മയങ്ങാൻ വിട്ട്
മറക്കരുതൊന്ന് മാത്രം...
പരാജിതരുടെ
സ്മാരകശിലകളാണ്
സത്യത്തിൽ
വിജയികളെന്ന് നിങ്ങൾ കരുതുന്നവർ

Thursday, September 22, 2016

ഉച്ചമഴ

താഴെ,
നിഴൽവറ്റിപ്പോയൊരു 
നട്ടുച്ചനേരം 

ഉമ്മറത്താകെ 
മഞ്ഞൾ മെഴുകും 
കന്നിമാസ വെയിൽ

പടിഞ്ഞാറ്റയിൽ
പാതിമയക്കത്തിലൊരു 
പകൽക്കിനാവ് 

പൊൻ വെയിൽ തന്ത്രിയിൽ
മൗനം മീട്ടുന്നു
വിരസ ഗാനം

മേലെ മെല്ലെ, 
വിങ്ങിക്കറുത്തിരമ്പുന്നു  
മാനം

മൻവാസന മുറ്റുന്ന
കാറ്റ് പുതക്കുന്ന 
ഈറൻ മേലാപ്പിനുള്ളിൽ 
വെയിലോടിണചേരും
മുകിലിൻ ഉടൽ പെരുക്കങ്ങൾ 

ഒട്ടുനേരം കഴിഞ്ഞ്
പച്ചിലച്ചാർത്തിലേക്ക്
ആർത്തുകരഞ്ഞു 
പെറ്റുവീഴുന്നു
ഉച്ചമഴക്കുഞ്ഞ്  

Tuesday, August 9, 2016

മഴയോർമ്മിപ്പിച്ചത്....

മേക്ക്* ചുവപ്പിച്ച്
പകലോൻ മറയുന്ന
പുതുമണം മുറ്റുന്ന
ചില സന്ധ്യയിൽ

മഴനൂലിൻ ഇഴകെട്ടി
മാനമിറക്കുന്നു
മഴവില്ലിൻ നിറമുളള
നനവോർമ്മകൾ

വെൺമേഘമേറി നാം
വിണ്ണോരം പാറിയ
പൊൻ തിളക്കമുളള
ബാല്യകാലം

മണ്ണപ്പം ചുട്ടിട്ടും
മണ്ണട്ട തിന്നിട്ടും
നന്നായ് മദിച്ചൊരാ
നല്ലകാലം

ഉള്ളിലൊരായിരം
മിന്നാമിനുങ്ങുകൾ
ഒന്നിച്ച് മിന്നിയ
പ്രണയകാലം

നെഞ്ചിൽ കൊളിയാനും
ആലിപ്പഴങ്ങളും
ഒന്നിച്ച് പെയ്തൊരാ
വർഷകാലം

മിഴി ചിമ്മും നേരത്തിൽ
മധുരമാ നാളുകൾ
മലവെള്ളപ്പാച്ചലിൽ
ഒലിച്ച് പോയി

ഒരുമിച്ച് നാം കണ്ട
കനവുകളൊക്കയും
പെരുമാരി പെയ്ത്തിൽ
അലിഞ്ഞ് പോയി

കളിവഞ്ചിയേറിയ
മോഹങ്ങളൊക്കയും
ഇരുവഴിക്കായി
പിരിഞ്ഞു പോയി

ഇനിയൊരു കാലത്തും
തിരികെ വരാത്തൊരു
മധുരാനുഭൂതി
യെന്നോർത്തിടുമ്പോൾ

നിന്നോർമ്മ പെയ്ത്തിൽ
ഞാനിന്നും നനയുന്നു
നിൻ മിഴിയോരത്തെ
കൺപീലി പോൽ


*മേക്ക് — പടിഞ്ഞാറ്