Saturday, February 13, 2016

ഫ്രം യുവർ വാലന്റൈൻ

കത്തിയെരിഞ്ഞയെൻ
കിനാവിന്റെ ചാരത്തി-
ലിത്തിരി കണ്ണുനീർ 
വീഴ്ത്തട്ടേ ഞാൻ
കൺമഷിയായിതു
ചാലിച്ചു ചേർത്തു നിൻ
കൺകടക്കോണി-
ലെഴുതിടേണം

നെഞ്ചിൽ നിന്നോർമ്മകൾ-
ക്കൊപ്പം പൊടിയുന്ന
ചെഞ്ചോരയും നീ-
യെടുത്തുകൊള്ളൂ
വഞ്ചനയൂറുന്ന 
പുഞ്ചിരി പൂക്കും നിൻ 
ചുണ്ടിലെ ചായമായ് 
തീർന്നിടട്ടേ

പൊൻനിറമുളളയെൻ
സ്വപ്നമുരുക്കി നീ
പണ്ടങ്ങളായി 
അണിഞ്ഞിടേണം
പട്ടുനൂലൊത്തൊരെൻ
മോഹങ്ങൾ കൊണ്ടു നിൻ
പട്ടുടയാടയും
നെയ്തിടേണം

നന്നായൊരുങ്ങി-
യിറങ്ങുന്നതിൻ മുന്നേ
കണ്ണാടിയിൽ ഒന്നു
നോക്കിടേണം
പണ്ടേ പകുത്തു
തന്നാത്മാവിൽ നിന്നോരു
തുണ്ട് നീ നെറ്റിയിൽ
തൊട്ടിടേണം

വരികളാൽ ഞാൻ തീർത്ത
പനിനീരിൻ പുവിത് 
മടിയാതെ നീ കയ്യിൽ
കരുതിക്കൊളളൂ
പ്രണയദിനത്തിൽ നിൻ
പുതിയ പ്രണയിക്ക് 
ഹൃദയമാണെന്നോതി
നൽകിടാനായ്....

Monday, February 8, 2016

ജീവനില്ലാത്ത കവിത

ഉളളിനുളളിലൊരു പാടമുണ്ട്
വാക്ക് വരമ്പിടുന്നൊരു മനപ്പാടം
വിതക്കാൻ വിചാരങ്ങളില്ലാത്തതിനാൽ
വിളയാറില്ലതിൽ കവിതകളൊന്നും
ഒണക്ക് പിടിച്ച പാടത്തിന്ന്
മുളക്കുന്നതെല്ലാം കളയായിമാറി
വരണ്ട് വിണ്ട വാക്കുവരമ്പത്ത്
ഉറുമ്പ് മാളങ്ങളെ പോലുളള മൗനങ്ങൾ
മടകീറിയ മിഴിച്ചാലിലൂടെ
കണ്ണീർ തേവി നനച്ചിട്ടും
എരിയുന്ന നോവ് വെയിലേറ്റ്  കരിയുന്നു
പൊടിക്കും കിനാവിൻ തലപ്പുകൾ
നിലം പറ്റെയൊരു മറവിക്കിണറിൽ
ഇത്തിരി ഒാർമ്മനനവിനായി
എത്രയാഴത്തിൽ കുഴിച്ചു നോക്കീട്ടും
ഊറുന്നതെല്ലാം സങ്കടം മാത്രം
വരിയിൽ ഒതുക്കുവാനാകാതെ പോയ
പഴയ വികാരങ്ങളൊക്കയും
ചുടുമണൽക്കാറ്റായ് വീശുമ്പോൾ,
എന്റെ ചേതന തേടുന്നു
വെയിൽ വരഞ്ഞൊരു മുറിപ്പാടിൽ
മാലേയമെഴുകും കുളിർക്കാറ്റും
മുകിൽപ്പുറത്തേറി വരും ചോദനകളുടെ പെരുമഴക്കാലവും

Friday, October 23, 2015

കുഞ്ഞിലയും കാരമുളളും

ഇലയായിരുന്നില്ല
ഇളംതളിരായിരുന്നു
ഇളംവെയിൽ പോലുളള
ചിരിയായിരുന്നു
മുലപ്പാൽ മണക്കുന്ന
ചൊടിയായിരുന്നു
കിളികൊഞ്ചൽ തഞ്ചുന്ന
ചുണ്ടായിരുന്നു
ഇല തുമ്പിലൂറുന്ന
മഴത്തുളളി പോലെ
തരി ചേറു പുരളാത്ത
കരളായിരുന്നു
ചെടി തുമ്പിൽ മൊട്ടിടും
മൊട്ടുകൾ പോലെ
മുളക്കും കിനാവുകൾ
ഉണ്ടായിരുന്നു

ഒാർത്തിരുന്നില്ല
കൂർത്ത മുളളായിരുന്നു
നേർക്ക് നീ നീട്ടിയ
പൂങ്കൊമ്പിലെന്ന്
ആർത്തി തീർക്കാനെന്നെ
കോർത്തെടുക്കും നേരം
ഒാർത്തിരുന്നോ
പൊടിക്കും നിൻ തളിരുകളെ?

Wednesday, October 14, 2015

രണ്ട് സെൽഫി കവിതകൾ

            1
ഒപ്പിയെടുക്കില്ല
ഒലിച്ചിറങ്ങും നിൻ
ഒരിറ്റു കണ്ണീർ പോലും
എന്നാലും
ഒപ്പംനിന്നെടുക്കും
ഒത്തിരി ലൈക് നേടാൻ
ഒരൊറ്റ സ്നാപ്പ്

               2
ഒറ്റൊരു ക്ലിക്ക് കൊണ്ടായിരുന്നു
ഞാനെന്നെ തന്നെ
ഒറ്റുകൊടുത്തത്
ആദ്യം നിന്റെ;
പിന്നെ പല വിരൽ തുമ്പിലേക്ക്

കോഴി മൂന്ന് കൂകും മുന്നേ
ഉറ്റവർ തളളി പറഞ്ഞു
ഈ രക്തത്തിൽ പങ്കില്ലെന്ന്
നീ കൈ കഴുകി

പാപികളെന്നെ കല്ലെറിഞ്ഞു
പാപഭാരത്തിന്റെ കുരിശ്
ചുമപ്പിച്ചു

ഒറ്റക്ക് കയറുന്നു ഞാൻ,
കുരിശും കൊണ്ട്,
ഒറ്റപ്പെടലെന്ന ഗാഗുൽത്തയുടെ
ഉച്ചിയിലേക്ക്

മാനം ഷെയർ ചെയ്യപ്പെട്ട്
നഗ്നയാവുന്നു
മലമുകളിൽ കുരിശേറ്റപ്പെടുന്നു

ഉയർത്തെഴുന്നേൽക്കില്ല...
ഉടലിനപ്പുറം
ഉയിർ കാണാനറിയാത്ത
സർപ്പസന്തതികൾക്ക്
ഇടയിലേക്കിനി ഞാൻ

Monday, October 12, 2015

ഉണരുന്നതാരുടെ സ്വപ്നത്തിലെക്കു ഞാന്‍

മുകില്‍ പോലെ മിഴികളില്‍ പെരുകി പടരുന്ന
ഇരവിനാഴങ്ങളില്‍ ചിത്തം പുതയവേ
കടല്‍ പോലെ എന്‍ നെഞ്ചില്‍ അലയടിച്ചുയരുന്ന
മൌനക്കയങ്ങളില്‍ മുങ്ങി മറയവേ
ഒഴുകുന്നതേതേതു വഴികളിലേക്കു ഞാന്‍
ഉണരുന്നതാരുടെ സ്വപ്നത്തിലെക്കു ഞാന്‍

മരണത്തിന്‍ ചെറുപതിപ്പായ മയക്കത്തിന്‍
ലഹരിയെന്‍ സിരകളിലാകെ നിറയവേ
മനസിനാഴങ്ങളില്‍ അറിയാതെ മുള പൊട്ടി
സുഖമുള്ളൊരാലസ്യമായി വേരാഴ്ത്തവെ
ഒഴുകുന്നതേതേതു വഴികളിലേക്കു ഞാന്‍
ഉണരുന്നതാരുടെ സ്വപ്നത്തിലെക്കു ഞാന്‍

മറവി തീര്‍ത്ത മണല്‍ പുറ്റ് പൊട്ടിച്ച്
ചിറക് മുളച്ചൊരാ പഴയ സ്മരണകള്‍
ഇരുള്‍ മെല്ലെ തിന്നുന്നൊരിത്തിരി വെട്ടത്തെ
പുണരുവാനാശിച്ച് മൂളി പറക്കവേ
ഒഴുകുന്നതേതേതു വഴികളിലേക്കു ഞാന്‍
ഉണരുന്നതാരുടെ സ്വപ്നത്തിലെക്കു ഞാന്‍

Friday, September 25, 2015

ഹൈക്കു

                        1
വഴിയോരമാരേയോ തിരയുമീ മിഴികളിൽ
പുഴപോലെ നീളുന്ന കാത്തിരിപ്പ്
അഴലിന്റെയിത്തിരി നിഴൽ പൊടിപ്പ്
                         2
ഉരക്കല്ല് തീണ്ടാത്ത രത്നങ്ങളെപ്പോൽ
ഉറങ്ങിക്കിടക്കുന്നു സ്വപ്നങ്ങൾ
ഉള്ളിൽ
                        3
വിരഹം
കവിതയൂറാൻ ഉള്ളിലൊരു
മുറിവ്
                        4
മഴക്കാറാൽ ഒാട്ടയടച്ചിട്ടും
ഇടിമിന്നൽ വെച്ച് വിളക്കീട്ടും
മാനം പിന്നേം ചോരണ്

Friday, September 18, 2015

നിലാവ്


                   1
പനിനിലാവൂറുന്നൊരമ്പിളി മേലേ
പനിനീരുമായൊരു പെണ്മണി ചാരെ

                   2
നിറഞ്ഞൊഴുകും നിന്‍ മൌനം പോല്‍
നിലാവ്; നിറക്കുന്നു പാരാകെ
രാമാനം

                   3
നീ കണ്ട കിനാവിനോ
ഞാന്‍ കൊണ്ട നിലാവിനോ
ഏറെ കുളിര്

                    4
നിലാവ് തീർത്തൊരു
മരാളികേ
ആരു കാണും കിനാവ് നീ

                     5
തിങ്കൾ ചാറോ
പനിനീരോ
പെണ്ണേ നിന്നെ മണക്കുന്നു