Thursday, September 22, 2016

ഉച്ചമഴ

താഴെ,
നിഴൽവറ്റിപ്പോയൊരു 
നട്ടുച്ചനേരം 

ഉമ്മറത്താകെ 
മഞ്ഞൾ മെഴുകും 
കന്നിമാസ വെയിൽ

പടിഞ്ഞാറ്റയിൽ
പാതിമയക്കത്തിലൊരു 
പകൽക്കിനാവ് 

പൊൻ വെയിൽ തന്ത്രിയിൽ
മൗനം മീട്ടുന്നു
വിരസ ഗാനം

മേലെ മെല്ലെ, 
വിങ്ങിക്കറുത്തിരമ്പുന്നു  
മാനം

മൻവാസന മുറ്റുന്ന
കാറ്റ് പുതക്കുന്ന 
ഈറൻ മേലാപ്പിനുള്ളിൽ 
വെയിലോടിണചേരും
മുകിലിൻ ഉടൽ പെരുക്കങ്ങൾ 

ഒട്ടുനേരം കഴിഞ്ഞ്
പച്ചിലച്ചാർത്തിലേക്ക്
ആർത്തുകരഞ്ഞു 
പെറ്റുവീഴുന്നു
ഉച്ചമഴക്കുഞ്ഞ്  

Tuesday, August 9, 2016

മഴയോർമ്മിപ്പിച്ചത്....

മേക്ക്* ചുവപ്പിച്ച്
പകലോൻ മറയുന്ന
പുതുമണം മുറ്റുന്ന
ചില സന്ധ്യയിൽ

മഴനൂലിൻ ഇഴകെട്ടി
മാനമിറക്കുന്നു
മഴവില്ലിൻ നിറമുളള
നനവോർമ്മകൾ

വെൺമേഘമേറി നാം
വിണ്ണോരം പാറിയ
പൊൻ തിളക്കമുളള
ബാല്യകാലം

മണ്ണപ്പം ചുട്ടിട്ടും
മണ്ണട്ട തിന്നിട്ടും
നന്നായ് മദിച്ചൊരാ
നല്ലകാലം

ഉള്ളിലൊരായിരം
മിന്നാമിനുങ്ങുകൾ
ഒന്നിച്ച് മിന്നിയ
പ്രണയകാലം

നെഞ്ചിൽ കൊളിയാനും
ആലിപ്പഴങ്ങളും
ഒന്നിച്ച് പെയ്തൊരാ
വർഷകാലം

മിഴി ചിമ്മും നേരത്തിൽ
മധുരമാ നാളുകൾ
മലവെള്ളപ്പാച്ചലിൽ
ഒലിച്ച് പോയി

ഒരുമിച്ച് നാം കണ്ട
കനവുകളൊക്കയും
പെരുമാരി പെയ്ത്തിൽ
അലിഞ്ഞ് പോയി

കളിവഞ്ചിയേറിയ
മോഹങ്ങളൊക്കയും
ഇരുവഴിക്കായി
പിരിഞ്ഞു പോയി

ഇനിയൊരു കാലത്തും
തിരികെ വരാത്തൊരു
മധുരാനുഭൂതി
യെന്നോർത്തിടുമ്പോൾ

നിന്നോർമ്മ പെയ്ത്തിൽ
ഞാനിന്നും നനയുന്നു
നിൻ മിഴിയോരത്തെ
കൺപീലി പോൽ


*മേക്ക് — പടിഞ്ഞാറ്

Saturday, February 20, 2016

ഒരു സൈക്കഡലിക് സ്വപ്നം തുടങ്ങുമ്പോൾ.....

അനന്തരം നമ്മൾ 
ഉടലഴിക്കുന്നു
ഉയിർ വെച്ചുമാറ്റുന്നു
ഞാൻ നീയും 
നീ ഞാനുമാകുന്നു

മഴവിൽ നിറമുളള
കടൽ ചുഴിയിൽ
ഒരുമിച്ച് മുങ്ങിമരിക്കുന്നു

മുറിയാതെ പെയ്യുന്ന
മഴയിലേക്ക് 
ആരോ ഊതിവിടും
പുകച്ചുരുളായി
ഞാൻ വീണ്ടും പിറക്കുന്നു

പളുങ്ക് ചഷകത്തിൽ
നുരഞ്ഞ് പൊന്തുന്ന
വീഞ്ഞിൻ ലഹരിയായി
നീയും പിറക്കുന്നു

വകതിരിവില്ലാതെ
പായുന്ന സമയത്തോട് 
കളി പറഞ്ഞ് നമ്മൾ
വെറുതേ സമയം കൊല്ലുന്നു
ഒരുമിച്ച് നാം മൂവരും
കുളിര് കായുന്നു
നിലാച്ചാറ് രുചിക്കുന്നു
രാമാനത്തരികൾ കൊറിക്കുന്നു
വാക്കില്ലാ കവിത മൂളുന്നു

നേരവും ദൂരവും
നേരല്ലെന്നറിയുന്നു
ഒരു നോളൻ* തിരക്കഥ 
ജീവിക്കുന്നു

ഒരുവേള നാം
ബുദ്ധന്റെ ധ്യാനമാകുന്നു
മറു നേരം 
'ബുദ്ധന്റെ ചിരി'യാകുന്നു

ഒടുവിൽ,
കടലോ കടന്നലോയെന്ന-
റിയാത്തയിരമ്പത്തിൽ
ഉറഞ്ഞുറഞ്ഞ് 
നനഞ്ഞലിഞ്ഞ് 
കനവിന് കനമേറിയത് 
കുടഞ്ഞെറിഞ്ഞ് 
ഒാർക്കാപ്പുറത്തൊരു
വീഴ്ചയിലേക്ക്  
ഞെട്ടിയുറങ്ങുന്നു നാം

*ക്രിസ്റ്റഫർ നോളൻ

Saturday, February 13, 2016

ഫ്രം യുവർ വാലന്റൈൻ

കത്തിയെരിഞ്ഞയെൻ
കിനാവിന്റെ ചാരത്തി-
ലിത്തിരി കണ്ണുനീർ 
വീഴ്ത്തട്ടേ ഞാൻ
കൺമഷിയായിതു
ചാലിച്ചു ചേർത്തു നിൻ
കൺകടക്കോണി-
ലെഴുതിടേണം

നെഞ്ചിൽ നിന്നോർമ്മകൾ-
ക്കൊപ്പം പൊടിയുന്ന
ചെഞ്ചോരയും നീ-
യെടുത്തുകൊള്ളൂ
വഞ്ചനയൂറുന്ന 
പുഞ്ചിരി പൂക്കും നിൻ 
ചുണ്ടിലെ ചായമായ് 
തീർന്നിടട്ടേ

പൊൻനിറമുളളയെൻ
സ്വപ്നമുരുക്കി നീ
പണ്ടങ്ങളായി 
അണിഞ്ഞിടേണം
പട്ടുനൂലൊത്തൊരെൻ
മോഹങ്ങൾ കൊണ്ടു നിൻ
പട്ടുടയാടയും
നെയ്തിടേണം

നന്നായൊരുങ്ങി-
യിറങ്ങുന്നതിൻ മുന്നേ
കണ്ണാടിയിൽ ഒന്നു
നോക്കിടേണം
പണ്ടേ പകുത്തു
തന്നാത്മാവിൽ നിന്നോരു
തുണ്ട് നീ നെറ്റിയിൽ
തൊട്ടിടേണം

വരികളാൽ ഞാൻ തീർത്ത
പനിനീരിൻ പുവിത് 
മടിയാതെ നീ കയ്യിൽ
കരുതിക്കൊളളൂ
പ്രണയദിനത്തിൽ നിൻ
പുതിയ പ്രണയിക്ക് 
ഹൃദയമാണെന്നോതി
നൽകിടാനായ്....

Monday, February 8, 2016

ജീവനില്ലാത്ത കവിത

ഉളളിനുളളിലൊരു പാടമുണ്ട്
വാക്ക് വരമ്പിടുന്നൊരു മനപ്പാടം
വിതക്കാൻ വിചാരങ്ങളില്ലാത്തതിനാൽ
വിളയാറില്ലതിൽ കവിതകളൊന്നും
ഒണക്ക് പിടിച്ച പാടത്തിന്ന്
മുളക്കുന്നതെല്ലാം കളയായിമാറി
വരണ്ട് വിണ്ട വാക്കുവരമ്പത്ത്
ഉറുമ്പ് മാളങ്ങളെ പോലുളള മൗനങ്ങൾ
മടകീറിയ മിഴിച്ചാലിലൂടെ
കണ്ണീർ തേവി നനച്ചിട്ടും
എരിയുന്ന നോവ് വെയിലേറ്റ്  കരിയുന്നു
പൊടിക്കും കിനാവിൻ തലപ്പുകൾ
നിലം പറ്റെയൊരു മറവിക്കിണറിൽ
ഇത്തിരി ഒാർമ്മനനവിനായി
എത്രയാഴത്തിൽ കുഴിച്ചു നോക്കീട്ടും
ഊറുന്നതെല്ലാം സങ്കടം മാത്രം
വരിയിൽ ഒതുക്കുവാനാകാതെ പോയ
പഴയ വികാരങ്ങളൊക്കയും
ചുടുമണൽക്കാറ്റായ് വീശുമ്പോൾ,
എന്റെ ചേതന തേടുന്നു
വെയിൽ വരഞ്ഞൊരു മുറിപ്പാടിൽ
മാലേയമെഴുകും കുളിർക്കാറ്റും
മുകിൽപ്പുറത്തേറി വരും ചോദനകളുടെ പെരുമഴക്കാലവും

Friday, October 23, 2015

കുഞ്ഞിലയും കാരമുളളും

ഇലയായിരുന്നില്ല
ഇളംതളിരായിരുന്നു
ഇളംവെയിൽ പോലുളള
ചിരിയായിരുന്നു
മുലപ്പാൽ മണക്കുന്ന
ചൊടിയായിരുന്നു
കിളികൊഞ്ചൽ തഞ്ചുന്ന
ചുണ്ടായിരുന്നു
ഇല തുമ്പിലൂറുന്ന
മഴത്തുളളി പോലെ
തരി ചേറു പുരളാത്ത
കരളായിരുന്നു
ചെടി തുമ്പിൽ മൊട്ടിടും
മൊട്ടുകൾ പോലെ
മുളക്കും കിനാവുകൾ
ഉണ്ടായിരുന്നു

ഒാർത്തിരുന്നില്ല
കൂർത്ത മുളളായിരുന്നു
നേർക്ക് നീ നീട്ടിയ
പൂങ്കൊമ്പിലെന്ന്
ആർത്തി തീർക്കാനെന്നെ
കോർത്തെടുക്കും നേരം
ഒാർത്തിരുന്നോ
പൊടിക്കും നിൻ തളിരുകളെ?

Wednesday, October 14, 2015

രണ്ട് സെൽഫി കവിതകൾ

            1
ഒപ്പിയെടുക്കില്ല
ഒലിച്ചിറങ്ങും നിൻ
ഒരിറ്റു കണ്ണീർ പോലും
എന്നാലും
ഒപ്പംനിന്നെടുക്കും
ഒത്തിരി ലൈക് നേടാൻ
ഒരൊറ്റ സ്നാപ്പ്

               2
ഒറ്റൊരു ക്ലിക്ക് കൊണ്ടായിരുന്നു
ഞാനെന്നെ തന്നെ
ഒറ്റുകൊടുത്തത്
ആദ്യം നിന്റെ;
പിന്നെ പല വിരൽ തുമ്പിലേക്ക്

കോഴി മൂന്ന് കൂകും മുന്നേ
ഉറ്റവർ തളളി പറഞ്ഞു
ഈ രക്തത്തിൽ പങ്കില്ലെന്ന്
നീ കൈ കഴുകി

പാപികളെന്നെ കല്ലെറിഞ്ഞു
പാപഭാരത്തിന്റെ കുരിശ്
ചുമപ്പിച്ചു

ഒറ്റക്ക് കയറുന്നു ഞാൻ,
കുരിശും കൊണ്ട്,
ഒറ്റപ്പെടലെന്ന ഗാഗുൽത്തയുടെ
ഉച്ചിയിലേക്ക്

മാനം ഷെയർ ചെയ്യപ്പെട്ട്
നഗ്നയാവുന്നു
മലമുകളിൽ കുരിശേറ്റപ്പെടുന്നു

ഉയർത്തെഴുന്നേൽക്കില്ല...
ഉടലിനപ്പുറം
ഉയിർ കാണാനറിയാത്ത
സർപ്പസന്തതികൾക്ക്
ഇടയിലേക്കിനി ഞാൻ