Tuesday, November 21, 2017

മറവിക്കപ്പുറം

മറവിയുടെ
മഞ്ഞുമലയോടിടഞ്ഞൊരു
കപ്പൽഛേദത്തിൽ
കടലും കരയും നഷ്ടപ്പെട്ട
കപ്പിത്താൻമാർ
മനസ്സിന്റെ നങ്കൂരം പൊട്ടിയൊരു
പായ്ക്കപ്പലേറി
പുറം കടലിലയുന്നുണ്ട്
ദിശതെറ്റിയ ചിന്തകളാലൊരു
ദിശാസൂചി തീർത്തവർ
ഉടഞ്ഞു പോയൊരു
സ്മൃതിപഥത്തിൻ
ഭൂപടങ്ങളിൽ
കടലെടുത്ത കാലങ്ങളെ
തിരയുന്നു
മഞ്ഞു മൂടിയേതോ
ബോധത്തുരുത്തിൽ
മറന്നു വച്ചൊരു
നിധി തിരയുന്നു
ഞൊറി നിവർത്തിയ
പായ്മരങ്ങളിൽ
ഒാർമ്മക്കാറ്റിന്റെ
താളം മുറുകുമ്പോൾ....
തുറയെറിഞ്ഞായുക
ഇരുൾ വിഴുങ്ങുമീ
ചക്രവാളത്തിനപ്പുറം
ഗതകാല സ്മരണതൻ
തുറമുഖമാണുപോൽ
(എല്ലാ അൽഷിമേഴ്സ് രോഗികൾക്കും സമർപ്പണം)

2 comments:

  1. ഇരുൾ വിഴുങ്ങുമീ
    ചക്രവാളത്തിനപ്പുറം
    ഗതകാല സ്മരണതൻ
    തുറമുഖമാണുപോൽ.. ഇഷ്ടം!!!

    ReplyDelete
    Replies
    1. വളരെ സന്തോഷം സുഹൃത്തേ... :)

      Delete