ഇടവഴിയിലെ ചെമ്മണ്ണു നനഞ്ഞു കിടന്നിരുന്നു. പുതുവെള്ളം നിറഞ്ഞ വഴിയരികിലെ തോട്ടില്‍ കണ്ണന്‍ പൂച്ചൂടികള്... ഇരുവശത്തുമുള്ള ഇല്ലിക്കാടുകള്‍ ഒന്നുലഞ്ഞപ്പോള്‍ ഇന്നലെ രാത്രി പെയ്ത മഴതുള്ളികള്‍ മേലാകെ തെറിച്ചു വീണു. വല്ലാത്തൊരു സുഖം! ഉള്ളു തണുത്തു. ഈയോരനുഭുതിയെ കുളിരെന്നു പറഞ്ഞ് ഒതുക്കാനാകില്ല...
"വേഗം നടക്ക്. മഴ വരുന്നതിനു മുന്പ് വീട്ടിലെത്തണം"
കൈ കോര്‍ത്ത് പിടിച്ച്, അരിക് ഒട്ടിചേര്‍ന്ന് അവള്‍ പറഞ്ഞു.
മാനത്ത് മഴമേഘങ്ങള്‍ പെരുകുന്നത് കാണാം , ദുരെ എവിടേയോ ഇടി മുഴങ്ങുന്നു. ഒന്നു പെയ്ത് തോര്ന്നതേയുള്ളു. ദാ വീണ്ടും ...
മഴമണം മുറ്റി നില്ക്കുന്ന ആളൊഴിഞ്ഞ നാട്ടുവഴി, കുളിരൂതുന്ന ഈറന്‍ കാറ്റ്, അരികില്‍ ഇളം ചൂടുള്ളൊരു പെണ്‍കുട്ടി... മനസ്സിലുമൊരു മഴക്കോള്. ഞാനവളെ ചേര്‍ത്തു പിടിച്ചു നടന്നു.
മഴ പെയ്യാതെ തന്നെ മാനം തെളിഞ്ഞു. ഇളം വെയിലില്‍ നാട്ടുവഴി കാണാന്‍ വല്ലാത്തൊരു ചന്തം . കുളികഴിഞ്ഞ് ഈറനോടെ നില്ക്കുന്ന പോലെ....
"സമയമായി അല്ലേ...?"
വിഷാദ ചിരിയോടെ അവള്‍ ചോദിച്ചു
"അതേ... ഉണരാന്‍ സമയമായി."
ചെന്നിയില്‍ നിന്ന് അവളുടെ കവിളിലേക്ക് ഒഴുകിയിറങ്ങുന്ന മഴത്തുള്ളിയൊപ്പികൊണ്ട് ഞാന്‍ പറഞ്ഞു.
മെല്ലെ ഞാന്‍ ഉണര്‍ന്നു. ശുന്യമായ എന്റെ ഉറക്കറയിലേക്ക്...
പുറത്ത് മഴപെയ്യുന്നു...
മരിച്ചു പോയ പ്രിയപ്പെട്ടവരുടെ സ്നേഹമാണ് മഴയായി പെയ്യുന്നതെന്ന് മുന്പ് എവിടേയോ വായിച്ചത് ഞാന്‍ ഓര്‍ത്തു. തുറന്നു കിടന്നിരുന്ന ജനവാതിലിലൂടെ പെട്ടന്ന് തുവാനമെന്റെ മുഖത്തേക്ക് പതിച്ചു
തൂവാലകൊണ്ട് അവളെന്റെ കണ്ണീരൊപ്പുന്നത് പോലെ....