Wednesday, April 25, 2012

മുഷിപ്പിന്റെ മൂവന്തി

നീണ്ട ഉച്ചയുറക്കം വിട്ടുണരുന്ന
ചില വൈകുന്നേരങ്ങളില്‍
ജനല്‍ പാളിക്കിടയിലൂടെ
പോക്കുവെയില്‍ വെച്ചു നീട്ടും
മൌനത്തിന്റെ കൂടയില്‍
ഒത്തിരി വിഷാദങ്ങള്‍...

എത്ര കുടഞ്ഞെറിഞ്ഞാലും
മുഷിപ്പിന്റെ മഞ്ഞ പടര്‍ത്തി
മനസ്സിലാകെ ആഴ്ന്നിറങ്ങും

മെല്ലെ, ഏകാന്തത തീര്‍ത്ത ആഴക്കയങ്ങളില്‍
പുതഞ്ഞാണ്ട് പോകും ഞാന്‍

പിന്നെ ചുറ്റും മുഴങ്ങി കേള്‍ക്കാം…
മടുപ്പിന്റെ മിടിപ്പു മാത്രം

ജനലിനപ്പുറം കാണാം
നിറങ്ങള്‍ കൊഴിഞ്ഞൊരു പകലിന്റെ ഖബറടക്കം

പെരുകി പെരുകിയങ്ങനെ ഇരുട്ടു പടരുന്നത്
മാനത്തോ, മനസ്സിലോ…?




Wednesday, April 11, 2012

നീരോര്‍മ്മകള്‍ 

പുതുമഴയില്‍ പുളക്കുന്ന
പരല്‍മീന്‍ കൂട്ടം പോലെ
പെയ്ത്തിലുണര്‍ന്നു പൊങ്ങുന്ന
മഴപ്പാറ്റകള്‍ പോലെ
മഴമണം മുറ്റുന്ന മോന്തിക്ക്
മൂളക്കത്തോടെ ചുരമാന്തിയെത്തി
കുറേ ഓര്‍മ്മകള്‍...

മഴ നനഞ്ഞലിയണം
പിന്നെ നീര്‍ച്ചാലുകളായ് തിരിഞ്ഞൊഴുകണം
മലനെറുകയിലൊരുറവയായി
വീണ്ടും പിറക്കാന്‍...

Saturday, March 17, 2012

ദേശാടനപക്ഷി


എത്ര ദേശങ്ങള്‍ താണ്ടണം
എത്ര ദൂരം പറക്കണം
ഏതേത് കടല് കടക്കണം
ഇനി എത്ര നാള് കഴിയണം
കിനാക്കള്‍ പൂക്കുന്ന
പാടങ്ങളുള്ള
മായാനഗരിയിലെത്തുവാന്‍....

Thursday, March 15, 2012

മഞ്ഞ് കാലം


മനസ്സിലിനി പ്രണയത്തിന്
മഞ്ഞ് കാലം

ഇല പൊഴിച്ച സ്വപ്നങ്ങല്‍
കഴുമരങ്ങള്‍ പോലെ

പുകമഞ്ഞായ് അലിയട്ടെ
ഓര്‍മ്മചിത്രങ്ങള്‍

ഒഴുകാതുറഞ്ഞ
മോഹപുഴക്ക് മീതെ
പൊഴിയട്ടേ ആലിപഴങ്ങള്‍

ഒരു മഞ്ഞുകൂടിനുള്ളില്‍
ഞാനുറങ്ങിക്കോട്ടെ,
ഇനിയുമൊരു വസന്തം വരും വരെ...

Wednesday, March 14, 2012

ഓര്‍മ്മകളുടെ മണം 


അമ്മകിനാവുകളെല്ലാം
പാല്‍ മണക്കുന്ന
തുമ്പകുടങ്ങളാണ്

മുക്കുറ്റി പൂക്കളില്‍
കാണാറുണ്ട് കുഞ്ഞേച്ചിയുടെ
കമ്മല്‍ തിളക്കം

നാലുമണി പൂക്കളായെന്നും
കൂട്ടുകാര്‍ വിടരാറുണ്ട്

കൊങ്ങണി പൂമണമാണ്
നിന്‍ഓര്‍മ്മകള്‍ക്ക്

കൊടിത്തൂവ തട്ടി ചൊറിയാറുണ്ട്
പട്ടടയില്‍ കത്തിയമര്‍ന്ന
മുത്തശ്ശിയെ ഓര്‍ക്കുമ്പോള്‍

അമ്പല വഴിയിലെ തെച്ചികാടുകള്‍
തുളസിയെന്ന തൊട്ടാവാടി
റോസാചുണ്ടുള്ള നിലുഫര്‍
ചെമ്പരത്തി ചൂടിയ പ്രാന്തന്‍ വാസു
മുല്ലപ്പൂ മണമുള്ള കല്യാണങ്ങള്‍
പാലപൂത്ത നീലരാവുകള്‍
അങ്ങനെയെത്ര ഓര്‍മ്മപ്പൂവുകള്‍ ...

ആട്ടിയകറ്റിയാലും
ആര്‍ത്തു പൊതിയുന്ന
കനലോര്‍മ്മകളുണ്ട്
മഴവില്‍ ചിറകുള്ള
മധുരസ്മരണകളുണ്ട്

മനസ്സിലെന്നും ഓര്‍മ്മകളുടെ വസന്ത കാലമാണ്