Tuesday, May 29, 2012

കടലിന്റെ സ്വപ്നം

കടലൊരു കിനാവ് കണ്ടു...

വെയിലിനൊപ്പം മാനത്തെക്കു വിരുന്ന് പോകുന്നത്
മുകിലിനൊപ്പം താഴേക്കു മഴയായ് പെയ്യുന്നത്
മലയിലൂടെ പുഴയായ് ഒഴുകിയിറങ്ങുന്നത്
അലകളാല്‍ തീരത്തൊരു കവിതയെഴുതുന്നത്
ഒടുവില്‍ അഴിമുഖത്തെ കരിമ്പാറകുട്ടങ്ങളില്‍
തിരതല്ലിയാര്‍ക്കുന്നത്

കടലിന്റെ സ്വപ്നങ്ങള്‍...
ചിപ്പികള്‍ക്കുള്ളില്‍
ഉരക്കല്ല് കാത്തുകിടക്കുന്ന രത്നങ്ങള്‍...

സ്വപ്നം

പുഴയോരത്തൊരാണ്‍തീരം
പെണ്‍തീരത്തേക്കൊരു
പാലം സ്വപ്നം കണ്ടു

മരണം 

പ്രണയത്തിനൊരു താജ് മഹല്‍ പോലും പണിയാതെ,
നാടന്‍ പരദൂഷണങ്ങളിലെ നായകരാവാനാകാതെ,
ഒരു കോളം വാര്‍ത്ത പോലുമാകാതെ,
അങ്ങനെയൊരുനാള്‍ നമ്മള്‍ മരിച്ചു….

Thursday, May 24, 2012

കാത്തിരിപ്പ്

പകലൊടുങ്ങാന്‍ തുടങ്ങുന്ന
ഈ കടല്‍ക്കരയില്‍
ഞാന്‍ കാത്തിരിക്കുന്നു…

പാതി മുറിഞ്ഞൊരു കനവിന്റെ
പുനര്‍ജനിക്കായി…

ചേക്കേറാനൊരു കൂടും
 കൂട്ടിലൊരു കൂട്ടിനുമായി…

വഴി പിരിഞ്ഞേറെ ദൂരം
നീ പോയെങ്കിലും
വീണ്ടുമാപ്പഴയ വഴികളില്‍
തിരികെയെത്താനായി….

ഒന്നു കാതോര്‍ത്താല്‍ നിനക്കു കേള്‍ക്കാം
കോടക്കാറ്റൂതും പോലെ
എന്റെ നെഞ്ചില്‍
നിന്നോര്‍മ്മകള്‍ ഇരമ്പുന്നത്…

നിന്റെ കാത്തിരിപ്പിന്റെ കൂട്ടുള്ളപ്പോള്‍
ഞാനെങ്ങനെ ഏകനാകും?

Wednesday, April 25, 2012

മുഷിപ്പിന്റെ മൂവന്തി

നീണ്ട ഉച്ചയുറക്കം വിട്ടുണരുന്ന
ചില വൈകുന്നേരങ്ങളില്‍
ജനല്‍ പാളിക്കിടയിലൂടെ
പോക്കുവെയില്‍ വെച്ചു നീട്ടും
മൌനത്തിന്റെ കൂടയില്‍
ഒത്തിരി വിഷാദങ്ങള്‍...

എത്ര കുടഞ്ഞെറിഞ്ഞാലും
മുഷിപ്പിന്റെ മഞ്ഞ പടര്‍ത്തി
മനസ്സിലാകെ ആഴ്ന്നിറങ്ങും

മെല്ലെ, ഏകാന്തത തീര്‍ത്ത ആഴക്കയങ്ങളില്‍
പുതഞ്ഞാണ്ട് പോകും ഞാന്‍

പിന്നെ ചുറ്റും മുഴങ്ങി കേള്‍ക്കാം…
മടുപ്പിന്റെ മിടിപ്പു മാത്രം

ജനലിനപ്പുറം കാണാം
നിറങ്ങള്‍ കൊഴിഞ്ഞൊരു പകലിന്റെ ഖബറടക്കം

പെരുകി പെരുകിയങ്ങനെ ഇരുട്ടു പടരുന്നത്
മാനത്തോ, മനസ്സിലോ…?




Wednesday, April 11, 2012

നീരോര്‍മ്മകള്‍ 

പുതുമഴയില്‍ പുളക്കുന്ന
പരല്‍മീന്‍ കൂട്ടം പോലെ
പെയ്ത്തിലുണര്‍ന്നു പൊങ്ങുന്ന
മഴപ്പാറ്റകള്‍ പോലെ
മഴമണം മുറ്റുന്ന മോന്തിക്ക്
മൂളക്കത്തോടെ ചുരമാന്തിയെത്തി
കുറേ ഓര്‍മ്മകള്‍...

മഴ നനഞ്ഞലിയണം
പിന്നെ നീര്‍ച്ചാലുകളായ് തിരിഞ്ഞൊഴുകണം
മലനെറുകയിലൊരുറവയായി
വീണ്ടും പിറക്കാന്‍...

Saturday, March 17, 2012

ദേശാടനപക്ഷി


എത്ര ദേശങ്ങള്‍ താണ്ടണം
എത്ര ദൂരം പറക്കണം
ഏതേത് കടല് കടക്കണം
ഇനി എത്ര നാള് കഴിയണം
കിനാക്കള്‍ പൂക്കുന്ന
പാടങ്ങളുള്ള
മായാനഗരിയിലെത്തുവാന്‍....