Monday, February 4, 2013

മഴക്കാറ്റ്


നീ...

ആര്‍ത്ത് പെയ്ത മഴ
ബാക്കിവച്ച
പുതുമണം പേറുന്ന
ഈറന്‍കാറ്റ്

നീര്‍വലിയുന്ന
മണല്‍ ക്യാന്‍വാസില്‍
വെയില്‍ വരക്കുന്ന
നിഴല്‍ ചിത്രങ്ങള്‍
ഉലച്ച് രസിക്കുന്ന
ഇളംകാറ്റ്

മനസാഴങ്ങളില്‍
കാലം അടക്കിയ
മറവിയുടെ വിത്തുകള്‍ക്ക്
മഴയില്‍ മുളപൊട്ടാനായ്
ആഞ്ഞ് വീശുന്ന
ഓര്‍മ്മക്കാറ്റ്

തണുപ്പ് പുതച്ച
രാത്രികളില്‍
ഇരുട്ട് പുതച്ച്
എന്നോടൊപ്പം
കുളിര്‍ കായാനെത്തുന്ന
രാക്കാറ്റ്

Monday, October 29, 2012

നീ, ഞാന്‍…


ഒരു പുല്‍നാമ്പും തളിര്‍ക്കാത്ത
തരിശ്ശായിരുന്നു ഞാന്‍

പാറി വന്നൊരു പാഴ്വിത്ത്
പൊട്ടികിളിര്‍ത്തൊരു കളയായിരുന്നു നീ

ഹ്രിദയത്തില്‍ വേരാഴ്ത്തി
എന്റെ നോവുറ്റി നീ വളര്‍ന്നു

ഒറ്റമരകാടായി നീ
എന്റെ സിരകളില്‍ പന്തലിക്കുമ്പോള്‍

നിന്റെ വേരുപടലങ്ങള്‍
എന്റെ ഉള്ളിന്റെ ആഴങ്ങള്‍ തേടുമ്പോള്‍

ഞാന്‍ മടങ്ങുന്നു
മണ്ണോട് മണ്ണായി വീണ്ടും തരിശ്ശിടുന്നു

Friday, July 13, 2012

ഓര്‍മ്മ പെയ്ത്ത്


ഇടവഴിയിലെ ചെമ്മണ്ണു നനഞ്ഞു കിടന്നിരുന്നു. പുതുവെള്ളം നിറഞ്ഞ വഴിയരികിലെ തോട്ടില്‍ കണ്ണന്‍ പൂച്ചൂടികള്... ഇരുവശത്തുമുള്ള ഇല്ലിക്കാടുകള്‍ ഒന്നുലഞ്ഞപ്പോള്‍ ഇന്നലെ രാത്രി പെയ്ത മഴതുള്ളികള്‍  മേലാകെ തെറിച്ചു വീണു. വല്ലാത്തൊരു സുഖം! ഉള്ളു തണുത്തു. ഈയോരനുഭുതിയെ കുളിരെന്നു പറഞ്ഞ് ഒതുക്കാനാകില്ല...



"വേഗം നടക്ക്. മഴ വരുന്നതിനു മുന്പ് വീട്ടിലെത്തണം" 


കൈ കോര്‍ത്ത് പിടിച്ച്, അരിക് ഒട്ടിചേര്‍ന്ന് അവള്‍ പറഞ്ഞു.



മാനത്ത് മഴമേഘങ്ങള്‍ പെരുകുന്നത് കാണാം , ദുരെ എവിടേയോ ഇടി മുഴങ്ങുന്നു. ഒന്നു പെയ്ത് തോര്ന്നതേയുള്ളു. ദാ വീണ്ടും ...




മഴമണം മുറ്റി നില്ക്കുന്ന ആളൊഴിഞ്ഞ നാട്ടുവഴി, കുളിരൂതുന്ന ഈറന്‍ കാറ്റ്, അരികില്‍ ഇളം ചൂടുള്ളൊരു പെണ്‍കുട്ടി... മനസ്സിലുമൊരു മഴക്കോള്. ഞാനവളെ ചേര്‍ത്തു പിടിച്ചു നടന്നു.




മഴ പെയ്യാതെ തന്നെ മാനം തെളിഞ്ഞു. ഇളം വെയിലില്‍ നാട്ടുവഴി കാണാന്‍ വല്ലാത്തൊരു ചന്തം . കുളികഴിഞ്ഞ് ഈറനോടെ നില്ക്കുന്ന പോലെ....




"സമയമായി അല്ലേ...?" 


വിഷാദ ചിരിയോടെ അവള്‍ ചോദിച്ചു



"അതേ... ഉണരാന്‍ സമയമായി." 


ചെന്നിയില്‍ നിന്ന് അവളുടെ കവിളിലേക്ക് ഒഴുകിയിറങ്ങുന്ന മഴത്തുള്ളിയൊപ്പികൊണ്ട് ഞാന്‍ പറഞ്ഞു.



മെല്ലെ ഞാന്‍ ഉണര്‍ന്നു. ശുന്യമായ എന്റെ ഉറക്കറയിലേക്ക്...




പുറത്ത് മഴപെയ്യുന്നു... 



മരിച്ചു പോയ പ്രിയപ്പെട്ടവരുടെ സ്നേഹമാണ് മഴയായി പെയ്യുന്നതെന്ന് മുന്പ് എവിടേയോ വായിച്ചത് ഞാന്‍ ഓര്‍ത്തു. തുറന്നു കിടന്നിരുന്ന ജനവാതിലിലൂടെ പെട്ടന്ന് തുവാനമെന്റെ മുഖത്തേക്ക് പതിച്ചു



തൂവാലകൊണ്ട് അവളെന്റെ കണ്ണീരൊപ്പുന്നത്  പോലെ....

Tuesday, May 29, 2012

കടലിന്റെ സ്വപ്നം

കടലൊരു കിനാവ് കണ്ടു...

വെയിലിനൊപ്പം മാനത്തെക്കു വിരുന്ന് പോകുന്നത്
മുകിലിനൊപ്പം താഴേക്കു മഴയായ് പെയ്യുന്നത്
മലയിലൂടെ പുഴയായ് ഒഴുകിയിറങ്ങുന്നത്
അലകളാല്‍ തീരത്തൊരു കവിതയെഴുതുന്നത്
ഒടുവില്‍ അഴിമുഖത്തെ കരിമ്പാറകുട്ടങ്ങളില്‍
തിരതല്ലിയാര്‍ക്കുന്നത്

കടലിന്റെ സ്വപ്നങ്ങള്‍...
ചിപ്പികള്‍ക്കുള്ളില്‍
ഉരക്കല്ല് കാത്തുകിടക്കുന്ന രത്നങ്ങള്‍...

സ്വപ്നം

പുഴയോരത്തൊരാണ്‍തീരം
പെണ്‍തീരത്തേക്കൊരു
പാലം സ്വപ്നം കണ്ടു

മരണം 

പ്രണയത്തിനൊരു താജ് മഹല്‍ പോലും പണിയാതെ,
നാടന്‍ പരദൂഷണങ്ങളിലെ നായകരാവാനാകാതെ,
ഒരു കോളം വാര്‍ത്ത പോലുമാകാതെ,
അങ്ങനെയൊരുനാള്‍ നമ്മള്‍ മരിച്ചു….

Thursday, May 24, 2012

കാത്തിരിപ്പ്

പകലൊടുങ്ങാന്‍ തുടങ്ങുന്ന
ഈ കടല്‍ക്കരയില്‍
ഞാന്‍ കാത്തിരിക്കുന്നു…

പാതി മുറിഞ്ഞൊരു കനവിന്റെ
പുനര്‍ജനിക്കായി…

ചേക്കേറാനൊരു കൂടും
 കൂട്ടിലൊരു കൂട്ടിനുമായി…

വഴി പിരിഞ്ഞേറെ ദൂരം
നീ പോയെങ്കിലും
വീണ്ടുമാപ്പഴയ വഴികളില്‍
തിരികെയെത്താനായി….

ഒന്നു കാതോര്‍ത്താല്‍ നിനക്കു കേള്‍ക്കാം
കോടക്കാറ്റൂതും പോലെ
എന്റെ നെഞ്ചില്‍
നിന്നോര്‍മ്മകള്‍ ഇരമ്പുന്നത്…

നിന്റെ കാത്തിരിപ്പിന്റെ കൂട്ടുള്ളപ്പോള്‍
ഞാനെങ്ങനെ ഏകനാകും?